കൊച്ചി: ലക്ഷദ്വീപ് കപ്പൽ യാത്രക്കാരുടെ ടിക്കറ്റ് ബുക്കിംഗ് ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ട്, റെയിൽവേ ടിക്കറ്റിംഗ് സംവിധാനത്തിന്റെ മാതൃകയിൽ ഐ.ആർ.സി.ടി.സി.യുടെ (IRCTC) കീഴിൽ പുതിയ ഓൺലൈൻ ബുക്കിംഗ് സംവിധാനം നിലവിൽ വന്നു. യാത്രക്കാർക്ക് സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നതാണ് ഈ പുതിയ ക്രമീകരണം.

രജിസ്‌ട്രേഷൻ ആരംഭിച്ചു.

www.lakshadweep.irctc.co.in എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ്ങിനായുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കും.

പുതിയ ടിക്കറ്റിംഗ് നിയമങ്ങൾ:

​പുതിയ ഓൺലൈൻ സംവിധാനത്തിൽ ടിക്കറ്റ് ബുക്കിങ്ങിനായി പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

മുൻകൂർ ബുക്കിംഗ് കാലയളവ് (ARP): കപ്പൽ പുറപ്പെടുന്നതിന് 7 ദിവസം മുതൽ 30 ദിവസം വരെ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ടിക്കറ്റ് കൈമാറ്റം: ടിക്കറ്റുകൾ മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യാൻ (Transfer) സാധിക്കുകയില്ല. ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് മാത്രമാണ് യാത്രാനുമതി.

ഏജൻ്റുമാർക്ക് വിലക്ക്: യാത്രക്കാർക്ക് സ്വന്തം അക്കൗണ്ടിൽ നിന്ന് സ്വന്തം പേരിലും കുടുംബാംഗങ്ങൾക്കുമായി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. ഏജൻ്റുമാർ മുഖേനയുള്ള ബുക്കിംഗ് അനുവദനീയമല്ല.

കുടുംബാംഗങ്ങൾക്ക് മാത്രം: മാതാപിതാക്കൾ, മുത്തശ്ശൻ-മുത്തശ്ശി, ജീവിത പങ്കാളി, മക്കൾ, സഹോദരങ്ങൾ എന്നിവരുൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾക്കായി മാത്രമേ ടിക്കറ്റ് എടുക്കാൻ സാധിക്കൂ. സുഹൃത്തുക്കൾക്കും ദൂരബന്ധുക്കൾക്കുമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല.

പരമാവധി യാത്രക്കാർ: ഒരു ടിക്കറ്റിൽ പരമാവധി അഞ്ച് പേർക്ക് വരെ യാത്ര ചെയ്യാം. ഇവർ ബുക്ക് ചെയ്യുന്നയാളുടെ മാസ്റ്റർ പാസഞ്ചർ ലിസ്റ്റിൽ ഉൾപ്പെട്ടവരായിരിക്കണം.

കുട്ടികൾക്കുള്ള നിരക്ക്:​ 2 വയസ്സ് വരെയുള്ള ശിശുക്കൾക്ക് 5 രൂപ മാത്രമാണ് നിരക്ക്. ഇവർക്ക് സീറ്റ് അനുവദിക്കുന്നതല്ല.

​2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് മുതിർന്നവരുടെ ടിക്കറ്റ് നിരക്കിന്റെ 50% മാത്രമാണ് ഈടാക്കുക. ഇവർക്ക് സീറ്റ് അനുവദിക്കുന്നതാണ്.

രജിസ്‌ട്രേഷൻ യോഗ്യത: ദ്വീപ് നിവാസികൾ (Islanders), നോൺ റെസിഡൻ്റ് ഐലൻഡേഴ്സ്, സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, പെർമിറ്റുള്ള വിനോദസഞ്ചാരികൾ എന്നിവർക്ക് രജിസ്‌ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്യുന്നതിനായി ആധാർ നമ്പറിൻ്റെ അവസാനത്തെ നാല് അക്കങ്ങൾ നൽകേണ്ടതുണ്ട്.

​പുതിയ ഓൺലൈൻ സംവിധാനം ലക്ഷദ്വീപിലേക്കുള്ള യാത്രകളിലെ ടിക്കറ്റിംഗ് പ്രശ്നങ്ങൾക്ക് വലിയൊരളവിൽ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ദ്വീപ് നിവാസികൾ.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here