
കവരത്തി: ലക്ഷദ്വീപിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക യാഥാർത്ഥ്യങ്ങളെ അക്ഷരങ്ങളിലേക്ക് പകർത്തിയ എഴുത്തുകാരൻ നമീദ് ഇസ്മായിൽ രചിച്ച ‘The Tide Will Rise’ എന്ന നോവലിന് 11-ാമത് ഇന്റർനാഷണൽ ലിറ്റററി അവാർഡ്സിൽ (International Literary Awards) ഇരട്ട പുരസ്‌കാരം. ഫിക്ഷൻ വിഭാഗത്തിലെ അംഗീകാരത്തിന് പുറമെ, ‘The Dickens Medal for Literary Excellence’ എന്ന പുരസ്‌കാരവും ഈ നോവൽ സ്വന്തമാക്കി.
അന്താരാഷ്ട്ര അംഗീകാരം
Ukiyoto Publishing സംഘടിപ്പിക്കുന്ന 11-ാമത് ഇന്റർനാഷണൽ ലിറ്റററി അവാർഡ്സിലാണ് നമീദ് ഇസ്മായിലിന്റെ നോവൽ തിളങ്ങിയത്. ഈ ഇരട്ട നേട്ടത്തിന് പുറമെ, ‘ബെസ്റ്റ് ബുക്ക് ഇൻ ലിറ്റററി ഫിക്ഷൻ’ വിഭാഗത്തിലെ Author Pen Award 2025-ന്റെ ഫൈനൽ ലിസ്റ്റിലും ‘The Tide Will Rise’ ഇടം നേടിയിട്ടുണ്ട്.
ലക്ഷദ്വീപ് ജനത നേരിടുന്ന ഭരണകൂട ഭീകരതയുടെ തുറന്നുകാട്ടലാണ് ഈ നോവൽ. തൊഴിൽ നഷ്ടം, ഭക്ഷണ സ്വാതന്ത്ര്യത്തിൻമേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റം, ഭൂമി പിടിച്ചെടുക്കൽ, കടലോര മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിക്കൽ, പാൽ വിതരണ ശാലകൾ അടച്ചുപൂട്ടൽ തുടങ്ങിയ അതീവ ഗൗരവകരമായ വിഷയങ്ങളാണ് നോവലിന്റെ പ്രധാന ഇതിവൃത്തം.
ലക്ഷദ്വീപിന്റെ ശബ്ദം ലോകം തിരിച്ചറിഞ്ഞു എന്ന് നമീദ് ഇസ്മായിൽ
പുരസ്‌കാര നേട്ടത്തോട് പ്രതികരിച്ച നമീദ് ഇസ്മായിൽ, ഈ അംഗീകാരം തനിക്ക് മാത്രമല്ല, ലക്ഷദ്വീപിലെ ഓരോ സാധാരണ മനുഷ്യന്റെയും ശബ്ദം ലോകം തിരിച്ചറിഞ്ഞതിന് തുല്യമാണെന്ന് പറഞ്ഞു. “സാഹിത്യം ദ്വീപ് സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങൾ ലോകത്തിന് മുന്നിൽ തുറക്കാനുള്ള ആയുധമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പുരസ്‌കാരദാന ചടങ്ങുകൾ 2025 ഒക്ടോബർ 26-ന് ന്യൂഡെൽഹിയിലും, തുടർന്ന് 2026 ഫെബ്രുവരി 15-ന് കൊൽക്കത്തയിലെ സത്യജിത് റേ ഓഡിറ്റോറിയത്തിലും നടക്കും.
നമീദ് ഇസ്മായിലിന്റെ ‘The Tide Will Rise’ ഇപ്പോൾ Amazon-ലും, Google Books-ലും ലഭ്യമാണ്.
