
കവരത്തി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ.) 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വീപ് കവരത്തിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നീന്തൽ മത്സരം സംഘടിപ്പിച്ചു. കവരത്തിയിലെ വെസ്റ്റേൺ ജെട്ടിയിൽ നടന്ന മത്സരം ആവേശകരമായി.
18 വയസ്സിൽ താഴെയുള്ള 25 മത്സരാർത്ഥികളാണ് പങ്കെടുത്തത്. 100 മീറ്റർ നീന്തൽ മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ മുഹമ്മദ് റെയ്‌സ് ഒന്നാം സ്ഥാനവും മുഹമ്മദ് ഹനാൻ രണ്ടാം സ്ഥാനവും മുഹമ്മദ് ഹഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുഖ്യാതിഥിയായി പങ്കെടുത്ത ഡയറക്ടർ (ഐ.പി.ആർ.) ശ്രീ മുകുന്ദ് ജോഷി വിജയികളെ അനുമോദിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ശ്രീ മുകുന്ദ് ജോഷി, ബി.എസ്.എൻ.എൽ. ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീമതി ജയശ്രീ സുരേഷ് എന്നിവർ ചേർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
