
ആലുവ: പ്രമുഖ സൂഫിയും, കവിയും മദ്റസാ നൂറുൽ ഇർഫാൻ അറബിക് കോളേജ് സ്ഥാപകനും കുന്നത്തേരി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ എ.ഐ മുത്തുകോയ തങ്ങളുടെ 59-ആമത് ഉറൂസ് മുബാറക്കിന് ഇന്നലെ വൈകിട്ട് കൊടിയേറി. മുത്തുകോയ തങ്ങളുടെ സൂഫീ വഴിയിലെ പ്രധാന ഖലീഫ സയ്യിദ് മുഹ്യുദ്ദീൻ ബാദുൽ അശ്ഹബ് തങ്ങളുടെ സാന്നിധ്യത്തിൽ നൂറുൽ ഇർഫാൻ സ്ഥാപനങ്ങളുടെ മുതവല്ലിയും എ.ഐ മുത്തുകോയ തങ്ങളുടെ മൂത്ത മകനുമായ കെ.പി തങ്ങകോയ തങ്ങൾ പതാക ഉയർത്തി. ഈ മാസം 18 മുതൽ 23 (സഫർ 22 മുതൽ 27) വരെയാണ് ഉറൂസ് നടക്കുന്നത്. ഉറൂസ് ദിവസങ്ങളിൽ മഖാമിൽ വെച്ച് ഖത്മുൽ ഖുർആൻ പാരായണം ഉണ്ടായിരിക്കും. സമാപന ദിവസമായ ആഗസ്റ്റ് 23 ശനിയാഴ്ച മൗലിദ് പാരായണം, അന്നദാനം എന്നിവ നടക്കും.
ഇന്നലെ ഇശാ നിസ്കാരാനന്തരം നടന്ന മതപ്രഭാഷണ സദസ്സിൽ ‘ആദരവ് നഷ്ടമാവുമ്പോൾ’ എന്ന വിഷയത്തിൽ സയ്യിദ് സൈഫുള്ളാ തങ്ങൾ ഇർഫാനി സംസാരിച്ചു. ആഗസ്റ്റ് 22 രാത്രി വരെ നടക്കുന്ന മതപ്രഭാഷണ പരമ്പരയിൽ അൽഹാഫിള് മുഹമ്മദ് നവാസ് ഐദരി, ഹസൻ ഇർഫാനി എടക്കുളം, എം. അബ്ദുൽ നാസർ ബാഖവി ചേളാരി, ബുഖാരി ഇർഫാനി മുളവൂർ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്കായി 9447458458, 9496334033 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
