
ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിൽ തോണി മറിഞ്ഞ് ഒരു മത്സ്യബന്ധന തൊഴിലാളി മരണപ്പെട്ടു. ആന്ത്രോത്ത് കണ്ണി ചെറ്റ സ്വദേശി സഫിയുള്ള (റഷീദ്) ആണ് മരിച്ചത്. ബി.ജെ.പി ആന്ത്രോത്ത് കമ്മിറ്റി അധ്യക്ഷൻ കൂടിയായിരുന്നു റഷീദ്. ഇന്ന് ഉച്ചകഴിഞ്ഞ് അന്താം പള്ളി പരിസരത്ത് കടലിൽ വെച്ചാണ് അപകടമുണ്ടായത്. മീൻ പിടിക്കാൻ പോയ തോണി അപകടത്തിൽ പെടുകയും തോണി മുങ്ങുകയുമായിരുന്നു. തോണിയിൽ ഉണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.
പൂക്കുഞ്ഞി കോമളംകാട്ട്, നല്ലകോയ പൊച്ചാലം, റാഫി കതിയമ്മാട എന്നിവരാണ് രക്ഷപ്പെട്ടത്. എന്നാൽ, നാലാമനായ റഷീദിനെ കാണാതാവുകയായിരുന്നു. തുടർന്ന് ബോട്ടുകാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തി. ഒടുവിൽ റഷീദിനെ കണ്ടെത്തുകയും ഉടൻതന്നെ ആന്ത്രോത്ത് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മരണവിവരം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
അപകടം ഉണ്ടായതിനെ തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന സമസ്തയുടെ നേതൃത്വത്തിലുള്ള നബിദിന റാലി ഞായറാഴ്ച രാത്രിയിലേക്ക് മാറ്റിയതായി ആന്ത്രോത്ത് ഖാളി ഹംസക്കോയ ഫൈസി അറിയിച്ചു.
Video Credit: Raheem Madani
