കവരത്തി | ന്യൂസ് ഡെസ്‌ക്: ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റിക്കും സംസ്ഥാന അധ്യക്ഷനായ ശ്രീ കെ.എൻ. കാസ്മികോയക്കുമെതിരെ ചില മീഡിയാ ചാനലുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലുമായി പ്രചരിപ്പിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പാർട്ടി പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് കൊണ്ടുപോവാനും അംഗബലം വർധിപ്പിക്കാനും സാധിച്ചതിൽ നിലവിലെ അധ്യക്ഷൻ കാസ്മിക്കോയയുടെ പങ്ക് ഏറ്റവും വിലയേറിയതാണ് എന്ന് മുൻ സംസ്ഥാന അധ്യക്ഷൻ അബ്ദുൽ ഖാദർ പറഞ്ഞു. കെ.എൻ. കാസിമികോയ കോൺഗ്രസിലെ സ്ഥാനമാനങ്ങളിലുണ്ടായിരിക്കെ രാഷ്ട്രീയ നിലപാട് മാറ്റിയതിന്റെ പിന്നിൽ വ്യക്തമായ ദൗത്യം ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം സംസ്ഥാന ഉപാധ്യക്ഷനായി പാർട്ടിയിൽ സേവനമനുഷ്ഠിക്കുകയും ഡൽഹി കേന്ദ്രനേതൃത്വത്തിന്റെ വിശ്വാസം നേടിയതിന്റെ ഫലമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കപ്പെടുകയും ചെയ്തു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി അംഗത്വം വീണ്ടും വർധിപ്പിച്ചു. 2000-ത്തിലധികം പുതിയ അംഗങ്ങളെ ചേർക്കുകയും സരൽ പോർട്ടലിൽ ഡിജിറ്റൽ അംഗത്വം ഉറപ്പാക്കുകയും ചെയ്തതായും നേതാക്കൾ പറയുന്നു. എല്ലാ ദ്വീപുകളിലെയും യൂണിറ്റുകൾക്കും പ്രവർത്തന ഊർജ്ജം നൽകിയതായി പ്രവർത്തകർ പറയുന്നു.

കേന്ദ്ര നേതാക്കളുടെ സന്ദർശനങ്ങൾ, പാർട്ടി കോൺഫറൻസുകൾ, ഉപരിപഠന പരിപാടികൾ തുടങ്ങിയവയൊക്കെ സജീവമായി നടത്താനായതിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഖാസിമിന്റെ നേതൃത്വം പ്രധാനപ്പെട്ടതാണെന്നും നേതാക്കൾ വിലയിരുത്തി.

പാർട്ടിയെ ബാധിക്കുന്ന തർക്കങ്ങൾക്കു പുറമേ, പദവി ലഭിക്കാത്തതിന്റെ ചിലർ രാഷ്ട്രീയ താല്‍പര്യത്തോടെ പാർട്ടി വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നുവെന്ന ആരോപണവും നേതാക്കൾ ഉന്നയിക്കുന്നു. ഇവരുടെ പ്രവര്‍ത്തനം പാർട്ടിയുടെ അച്ചടക്കം തകർക്കുന്ന തരത്തിലുള്ളതാണെന്നും, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ദേശീയ കൗൺസിൽ അംഗം സയ്യിദ് മുഹമ്മദ് കോയ എം.പി വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കാസ്മിക്കോയ, മുൻ അധ്യക്ഷൻ ഡോ. മുത്ത്കോയ, മുൻ അധ്യക്ഷൻ അബ്ദുൽ ഖാദർ, ദേശീയ കൗൺസിൽ അംഗം എം.പി സൈദ് മുഹമ്മദ് കോയ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here