ആന്ത്രോത്ത്: ലക്ഷദ്വീപ് സാഹിത്യത്തിലെ ഏറ്റവും മികച്ച കൃതിയായ “താജുൽ അഖ്ബാർ” എന്ന യൂസുഫ് ഖിസ്സപ്പാട്ടിന്റെ സമ്പൂർണ്ണ കഥാപ്രസംഗ അവതരണത്തിന് ആന്ത്രോത്ത് ദ്വീപിൽ പ്രൗഢമായ തുടക്കമായി. ജെ.എച്ച്.എസ്.ഐ പ്രസിഡന്റ് സയ്യിദ് സൈഫുദ്ദീൻ സഖാഫിയുടെ ഭക്തിനിർഭരമായ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങ് ആന്ത്രോത്ത് ഡെപ്യൂട്ടി കളക്ടർ ബുസർ ജംഹർ ഉദ്ഘാടനം ചെയ്തു. പലവിധ അഭിപ്രായ ഭിന്നതകൾ ഉള്ളപ്പോഴും വിശ്വാസികൾ എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളും ഐക്യത്തോടെ മുന്നോട്ടു പോവുകയും നാടിന്റെ പൊതുവായ വിഷയങ്ങളിൽ ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയും ചെയ്യണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രശസ്ത ശിശു രോഗ വിദഗ്ധൻ ഡോ.കെ.പി ശൈക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഉസ്താദ് ഉബൈദ് അൻവരി കാരക്കാട് മുഖ്യ പ്രഭാഷണം നടത്തി.
മുൻകാല കാഥികനായിരുന്ന മുള്ളൂർക്കര ഹംസ മൗലവിയുടെ മകൻ ഡോ. ബഷീർ അഹമദ് ബുർഹാനി, ഖിസ്സപ്പാട്ട് മെഗാ സ്റ്റാർ കുഞ്ഞാപ്പു കാരക്കാട് എന്നിവർ ചേർന്നാണ് നൂറ് ഇശലുകളിലായി എ.ഐ മുത്തുക്കോയ തങ്ങളുടെ തൂലികയിൽ പിറന്ന താജുൽ അഖ്ബാർ എന്ന യൂസുഫ് ഖിസ്സപ്പാട്ട് കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിക്കുന്നത്. കാലങ്ങളെ അതിജയിച്ച യൂസുഫ് ഖിസ്സപ്പാട്ട്, മാപ്പിള കാവ്യങ്ങളിലെ ക്ലാസിക്കൽ കൃതിയാണ് എന്ന് ഡോ. ബഷീർ അഹമദ് മുള്ളൂർക്കര പറഞ്ഞു. ആന്ത്രോത്ത് സൂഫിയ്യ ജമാഅത്തിന്റെ നേതാക്കൾ കഥാപ്രസംഗ സംഘത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.
രിയാസത്ത് അലി ഇർഫാനി സ്വാഗത പ്രഭാഷണം നടത്തി. സയ്യിദ് നൂറുൽ അമീൻ ഇർഫാനി ഖിറാഅത്ത് നിർവഹിച്ചു. ഖാളി സയ്യിദ് മുസ്തഫാ സഖാഫി, സീതിക്കോയ ഹാജി, ഹാജി കെ.പൂക്കോയ തങ്ങൾ, ഹാജി കെ.പി പൂക്കുഞ്ഞിക്കോയ തങ്ങൾ, കുന്നാംഗലം പൂക്കോയ തങ്ങൾ, എൻ.പി.ടി സയ്യിദ് ഹുസൈൻ തങ്ങൾ, എൻ.പി.പി പൂക്കുഞ്ഞിക്കോയ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.