കവരത്തി: ലക്ഷദ്വീപിലെ വിവിധ ഊർജ്ജ, നഗര വികസന പദ്ധതികൾ വിലയിരുത്തി കേന്ദ്ര ഊർജ്ജ-ഭവന-നഗര കാര്യ വകുപ്പ് മന്ത്രി ശ്രീ.മനോഹർ ലാൽ ഖട്ടർ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.പ്രഫുൽ ഘോടാ പട്ടേലിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര സർക്കാർ പ്രതിനിധികൾ, പവർ ഫിനാൻസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ലക്ഷദ്വീപിലെ ഊർജ്ജ മേഖലയിലെ പ്രധാന പ്രശ്നങ്ങൾ, ചർച്ച ചെയ്തു. ഫ്ലോട്ടിങ്ങ് സൗരോർജ പ്ലാന്റുകളുടെ സാധ്യത ഉൾപ്പെടെ സൗരോർജ ഉപയോഗം പരമാവധി കൂട്ടുന്നതിന് വേണ്ട പരിശോധനകൾ നടത്തുന്നതിന് യോഗത്തിൽ തീരുമാനമായി.
ഡീസൽ ജനറേറ്ററുളെ മാത്രം ആശ്രയിച്ച് കൊണ്ട് ദീർഘ കാലത്തേക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല എന്നും സൗരോർജ്ജ, വിൻഡ് മിൽ ഉൾപ്പെടെയുള്ള ഊർജ്ജ സ്രോതസ്സുകൾ കൂടി ഉൾപ്പെടുത്തി ഇടതടവില്ലാതെ ഇലക്ട്രിസിറ്റി ലഭ്യമാക്കാനുള്ള പദ്ധതികൾക്ക് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൂടുതൽ പരിഗണന നൽകണമെന്ന് മന്ത്രി നിർദേശിച്ചു. അഗത്തി, ബംഗാരം, മിനിക്കോയ്, കടമത്ത് ഉൾപ്പെടെ ചില ദ്വീപുകളിലെങ്കിലും പൂർണ്ണമായി ഹരിതോർജ്ജത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വേണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോട് അദ്ദേഹം ആവശ്യപ്പെട്ടു. അത്തരം പദ്ധതികളുമായി മുന്നോട്ടു വരുന്ന സാഹചര്യത്തിൽ തന്റെ മന്ത്രാലയത്തിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി. ലക്ഷദ്വീപിന്റെ എല്ലാ മേഖലകളിലെയും വികസനത്തിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞ അദ്ദേഹം ലക്ഷദ്വീപിലെ ജനങ്ങൾക്ക് സൗഖ്യ ജീവിതം ആശംസിച്ചു.