Image: dizcoverpraveg.com

കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും തിണ്ണകര ടെന്റ് സിറ്റി പദ്ധതിക്കും തിരിച്ചടി. പദ്ധതി പ്രദേശത്ത് ഒരുവിധത്തിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുത് എന്ന് അമിനി സബ് കോടതി ഇടക്കാല ഉത്തരവിട്ടു. അഗത്തി ദ്വീപ് സ്വദേശിയും തിണ്ണകരയിലെ നിർദ്ദിഷ്ട ടെന്റ് സിറ്റി പദ്ധതി പ്രദേശത്തെ ഭൂമിയുടെ കൈവശക്കാരനുമായ കോളിക്കാട് ഷാഹുൽ ഹമീദും മറ്റുള്ളവരും (മൊത്തം 13 പേർ) ചേർന്ന് നൽകിയ സ്യൂട്ട് ഹരജിയിലാണ് അമിനി സബ് കോടതിയുടെ നിർണായക ഉത്തരവ്.

പദ്ധതി പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണം എന്നും എതിർ കക്ഷികൾക്കെതിരെ ഇൻജംഗ്ഷൻ ഓർഡർ പുറപ്പെടുവിക്കണം എന്നും കാണിച്ച് ഇവർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2024 മെയ് 30-ന് അഗത്തി ഡെപ്യൂട്ടി കളക്ടർ ഇറക്കിയ ഉത്തരവിനെതിരെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സ്റ്റ്യാറ്റ്യൂട്ട് പ്രകാരം ഇറക്കിയ ഉത്തരവിന്റെ നിയമ സാധുത പരിശോധിക്കേണ്ടത് സിവിൽ കോടതിയാണ് എന്ന് ഹൈക്കോടതി പറഞ്ഞു. തുടർന്ന് ഹൈക്കോടതിയിലെ കേസ് ഒഴിവാക്കുകയും ഹരജിക്കാർ സി.പി.സി 80 അനുസരിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും ബന്ധപ്പെട്ടവർക്കും നോട്ടീസ് അയക്കുകയായിരുന്നു. നോട്ടീസിന് മറുപടി ലഭിക്കാത്തതിനെ തുടർന്ന് ഹരജിക്കാർ അമിനി സബ് കോടതിയിൽ സ്യൂട്ട് കേസ് ഫയൽ ചെയ്തു. ഈ കേസിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ രേഖാമൂലമുള്ള മറുപടി നൽകുന്നതിനായി 60 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. തൽക്കാലത്തേക്ക് രണ്ടു കക്ഷികളും നിർദ്ദിഷ്ട ടെന്റ് സിറ്റി പദ്ധതി പ്രദേശത്ത് ഒരുവിധ പുരോഗമന പ്രവർത്തനങ്ങളും നടത്താൻ പാടില്ല. 2024 മെയ് 30-ന് അഗത്തി ഡെപ്യൂട്ടി കളക്ടർ ഇറക്കിയ ഉത്തരവ് അമിനി സബ് കോടതി താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. തർക്കത്തിലിരിക്കുന്ന ഭൂമിയിൽ രണ്ടു കക്ഷികളും നിലവിലെ സ്ഥിതി (സ്റ്റാറ്റസ് ക്വോ) തുടരണം എന്നിവയാണ് ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ക്യാംപ് കോർട്ടിലാണ് അമിനി സബ് കോടതി ജഡ്ജി ഉത്തരവിറക്കിയത്.

കടപ്പാട്: അഡ്വ. സി.എൻ. നൂറുൽ ഹിദായാ 

LEAVE A REPLY

Please enter your comment!
Please enter your name here