ന്യൂഡൽഹി: മത്സ്യബന്ധന ബോട്ടുകൾ ഉൾപ്പെടെ റജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, അതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വപ്പെട്ടവർ ഇറക്കിയ ഓർഡറുകൾ എന്നിവ നൽകണം എന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് സ്വദേശി അബ്ദു സലാം പി.എ നൽകിയ വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാത്തതിൽ ഇടപെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ. ലക്ഷദ്വീപിൽ എത്ര മത്സ്യബന്ധന ബോട്ടുകൾ നിലവിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഉൾപ്പെടെ ആവശ്യപ്പെട്ടാണ് അബ്ദു സലാം വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് ഈ അപേക്ഷയിൽ ഒരു മറുപടിയും നൽകിയില്ല. 2023 മാർച്ച് ഒന്നിനാണ് ആദ്യ വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. മറുപടി ലഭിക്കാത്തതിനെ തുടർന്ന് ആദ്യ അപ്പീൽ 2023 ഏപ്രിൽ നാലിന് വീണ്ടും സമർപ്പിച്ചു. തുടർന്നും ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് മറുപടി നൽകാത്തതിനെ തുടർന്ന് 2023 ആഗസ്റ്റ് ഏഴിന് രണ്ടാം അപ്പീൽ കേന്ദ്ര വിവരാവകാശ കമ്മീഷന് മുമ്പാകെ സമർപ്പിക്കുകയായിരുന്നു. തുടർന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ വിചാരണക്കായി മുൻകൂറായി നോട്ടീസ് നൽകിയെങ്കിലും വിചാരണാ ഘട്ടത്തിലും ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുത്തില്ല. പരാതിക്കാരനായ അബ്ദു സലാമിന് വേണ്ടി അഡ്വ. സി.എൻ നൂറുൽ ഹിദായ, അഡ്വ. ഉബൈദുള്ള എന്നിവരാണ് കമ്മീഷന് മുമ്പാകെ ഹാജരായത്.

അബ്ദു സലാമിന്റെ വിവരാവകാശ അപേക്ഷക്ക് നാല് ആഴ്ചക്കുള്ളിൽ മറുപടി നൽകണം എന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കൂടാതെ, കമ്മീഷൻ വിളിച്ച വിചാരണാ വേളയിൽ പോലും പങ്കെടുക്കാത്ത ഫിഷറീസ് വകുപ്പിലെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും പരമാവധി പിഴ ഈടാക്കാതിരിക്കാൻ കാരണം കാണിക്കണം എന്നും കേന്ദ്ര വിവരാവകാശ കമ്മീഷൻ പറഞ്ഞു. നാല് ആഴ്ചക്കുള്ളിൽ മറുപടി നൽകണം എന്നും അല്ലാത്ത പക്ഷം പരമാവധി പിഴ ഈടാക്കുമെന്നുമാണ് കമ്മീഷൻ അറിയിച്ചത്. അഥവാ, ചെറുതെങ്കിലും ഫിഷറീസ് വകുപ്പിനെതിരെ പിഴ ചുമത്തുമെന്ന് കമ്മീഷൻ ഇറക്കിയ ഉത്തരവിന്റെ വരികൾക്കിടയിൽ നിന്നും വായിക്കാനാവുമെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു. വിവരാവകാശ അപേക്ഷകളെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കാത്ത എല്ലാ സർക്കാർ വകുപ്പുകൾക്കും മുന്നറിയിപ്പ് നൽകുന്നതാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here