കൊച്ചി: ലക്ഷദ്വീപ് എം.പി അഡ്വ ഹംദുള്ളാ സഈദ് പ്രഫുൽ ഘോടാ പട്ടേലിനെ പൊന്നാട അണിയിച്ചതിൽ കോൺഗ്രസിൽ പൊട്ടിത്തെറി. കിൽത്താൻ ദ്വീപ് സ്വദേശിയും എൻ.എസ്.യു.ഐ മുൻ സൗത്ത് സോൺ സെക്രട്ടറിയും സമരമുഖങ്ങളിലെ യുവ നേതൃത്വവുമായ സബാഹ് അറക്കൽ കോൺഗ്രസ് വിട്ടു. കൊച്ചിയിൽ എത്തിയ മുൻ എം.പി പി.പി മുഹമ്മദ് ഫൈസലിനെ സബാഹ് അറക്കൽ പൊന്നാട അണിയിച്ചു.

“സ്വന്തം നിലനിൽപ്പിന് വേണ്ടി ചരിത്രത്തിലെ ഏറ്റവും വലിയ ലക്ഷദ്വീപ് വിരോധിയെ പൊന്നാടയണിയിച്ച് ആദരിക്കുന്ന ഹംദുള്ളാ സഈദിന് വേണ്ടി തുടർന്നും പ്രവർത്തിക്കുന്നതിന് മനസാക്ഷി അനുവദിക്കുന്നില്ല” എന്ന് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ സബാഹ് അറക്കൽ പറയുന്നു. “പതിനായിരങ്ങൾക്ക് മുന്നിൽ വെച്ച് പട്ടേലിനെ വിമർശിച്ചു കൊണ്ട് വേദി ബഹിഷ്കരിച്ച മുഹമ്മദ് ഫൈസലാണ് ലക്ഷദ്വീപ് ജനതയുടെ വികാരത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന നേതാവ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹംദുള്ളാ സഈദ് പട്ടേലിനെ പൊന്നാട അണിയിച്ചതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. അന്നു മുതൽ പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കാതെ പലരും മാറി നിൽക്കുന്നുണ്ട്. ആദ്യമായാണ് ഈ വിഷയത്തിൽ ഒരു നേതാവ് പാർട്ടി വിടുന്നത്.

സബാഹ് അറക്കൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം.

കിൽത്താൻ ദ്വീപിലെ അറിയപ്പെട്ട ഒരു കോൺഗ്രസ്‌ കുടുംബത്തിൽ നിന്നായത് കൊണ്ടുതന്നെ ചെറുപ്പം മുതൽ കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ പ്രവർത്തിച്ച് വരികയായിരുന്നു. പാർട്ടിക്ക് വേണ്ടി നിരവധി സമരങ്ങളും മറ്റു പ്രവർത്തനങ്ങളും മുൻ നിരയിൽ നിന്ന് നടത്തിയ ഒരു വ്യക്തി കൂടിയാണ് ഞാൻ. 50 വർഷത്തിലേറെയായി കോൺഗ്രസ് എന്ന പ്രസ്ഥാനമാണ് ലക്ഷദ്വീപ് മുഴുവനായി ഭരണം നടത്തിയത്. എന്നാൽ ലക്ഷദ്വീപിൽ ഇന്നോളം അടിസ്ഥാന സൗകര്യങ്ങൾ ഒന്നും കോൺഗ്രസിന് സ്ഥാപിച്ചെടുക്കാൻ കഴിയാത്തത് ഒരു ഭരണ പരാജയമായി നിലനിൽക്കുകയാണ്. ആരോഗ്യ മേഖലയിലായാലും യാത്രാ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമായാലും എന്നുവേണ്ട, സർവ്വ മേഖലകളിലും ലക്ഷദ്വീപിൽ ഒരു മാറ്റം വരുന്നത് 2004 ൽ ശ്രീ പൂക്കുഞ്ഞിക്കോയ പാർലമെന്റിലേക്ക് കടന്നു ചെന്നതിനുശേഷമാണ്.

ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ലക്ഷദ്വീപ് ലോകരാജ്യങ്ങൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്. അതിനു കാരണം പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ ആണെന്ന് അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ മേൽ നിരന്തരമായി തിട്ടൂരങ്ങൾ ഇറക്കി കൊണ്ടിരിക്കുന്ന ഒരു ഭരണാധികാരി കൂടിയാണ് ഇന്നത്തെ അഡ്മിനിസ്ട്രേറ്റർ. നമ്മുടെ മുൻ എംപി ശ്രീ.പി.പി മുഹമ്മദ് ഫൈസൽ ഇദ്ദേഹത്തെ പൊതുമധ്യത്തിൽ വച്ചുകൊണ്ട് പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്തത് ലോകമെങ്ങും ഉറ്റു നോക്കിയ ഒരു വിഷയമായിരുന്നു. ലക്ഷദ്വീപ് പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയ ഏകാധിപതിയായ ഭരണാധികാരിക്ക് മുമ്പിൽ തനിക്ക് വോട്ട് ചെയ്ത ജനങ്ങളെയും സ്വത്തിനെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിരന്തരം ഇദ്ദേഹം പോരാട്ടം തുടർന്നുകൊണ്ടിരുന്നു. എന്നാൽ മറുവശത്ത് തിരഞ്ഞെടുപ്പിൽ അദ്ദേഹം തോൽക്കുകയും ഹംദുള്ളാ സഈദ് ജയിക്കുകയും ചെയ്തു. ജനദ്രോഹ നടപടിയുമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന അഡ്മിനിസ്ട്രേറ്ററിനോടുള്ള പുതിയ എം.പിയുടെ നിലപാട് ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ അന്ന് വളരെ പ്രതീക്ഷയിലായിരുന്നു. ഡൽഹിയിൽ ശ്രീ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ വളരെ വ്യക്തമായി പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ ആണ് ഞങ്ങളുടെ ദൈനംദിന ജീവിതത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതെന്ന് തുറന്നുപറയുകയും ഈ വിഷയം പാർലമെന്റിൽ അവതരിപ്പിക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തു. ഒരുപാട് പ്രതീക്ഷയോടെയാണ് പട്ടേലിനെതിരെയുള്ള എം.പിയുടെ അത്യുജ്ജ്വലമായ പാർലമെന്റ് പ്രഭാഷണം കേൾക്കാൻ കാത്തിരുന്നത്. പക്ഷേ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കിക്കൊണ്ട് പട്ടേലിന്റെ പേര് പോലും ഉച്ചരിക്കാതെ വളരെ ലളിതമായ രീതിയിൽ പ്രഭാഷണം അവസാനിക്കപ്പെട്ടു. ഡൽഹിയിൽ നിന്ന് ലക്ഷദ്വീപിന്റെ തലസ്ഥാന നഗരിയായ കവരത്തിയിൽ എത്തിയ ലക്ഷദ്വീപ് എം.പി ആദ്യം ചെന്നത് പട്ടേലിന്റെ അരികിലേക്ക് ആയിരുന്നു. നവമാധ്യമങ്ങളിലൂടെ പിന്നീട് കണ്ട രംഗം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. ദീപുകാരന്റെ എക്കാലത്തെയും ശത്രു എന്ന് മുദ്രകുത്തപ്പെട്ട പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്ററിനെ ഹംദുള്ളാ സഈദ് പോന്നാട ചാർത്തുന്നു. ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കാണാൻ പ്രാദേശിക നേതാക്കളുമായി ചെന്നയാൾ കവരത്തിയിലേ സെക്രട്ടറിയേറ്റിലേക്ക് പ്രാദേശിക നേതാക്കളെ കൂട്ടാതെ ചെന്ന് പട്ടേലിനെ പൊന്നാട അണിയിച്ച് നടത്തിയ ചർച്ചയിൽ ദുരൂഹതയുണ്ടെന്ന കാര്യം അന്ന് തന്നെ മനസ്സിൽ കുറിക്കപ്പെട്ടതാണ്. ഇത് കോൺഗ്രസ്സ് പാർട്ടിക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം കൂടിയായിരുന്നു. സ്വന്തം നിലനിൽപ്പിനു വേണ്ടി ലക്ഷദ്വീപകാരന്റെ ശത്രുവായ പട്ടേലിനെ പൊന്നാടയണിയിച്ച് ഒരു സമൂഹത്തെ ഒറ്റുകൊടുത്ത ഒരു ജനപ്രതിനിധിക്ക് വേണ്ടി പ്രവർത്തിക്കുന്നതിലും നല്ലത് പതിനായിരങ്ങളുടെ മുന്നിൽ വച്ച് തന്റെ ജനങ്ങൾക്ക് വേണ്ടി പട്ടേലിന്റെ മുഖം വലിച്ചുകീറിയ ധീരനായ നേതാവ് ഫൈസൽ മൂത്തോന് പിന്നിൽ അണിനിരക്കുന്നത് തന്നെയാണ് അഭിമാനം. പിറന്ന മണ്ണ് പിടിച്ചെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ഡോക്ടർ ബംബന്റെ പ്രസ്ഥാനം നടത്തുന്ന ഈ ആശയത്തോട് ചേർന്ന് നിൽക്കാൻ തന്നെയാണ് എന്റെ തീരുമാനം.

-സബാഹ് അറക്കൽ.

LEAVE A REPLY

Please enter your comment!
Please enter your name here