കവരത്തി: വിനോദ സഞ്ചാരികൾക്കും ടൂർ ഓപ്പറേറ്റർമാർക്കും കനത്ത തിരിച്ചടിയാകുന്ന തീരുമാനവുമായി ലക്ഷദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് കാണാനായി പെർമിറ്റ് എടുത്ത് ലക്ഷദ്വീപിൽ എത്തുന്ന സഞ്ചാരികൾ ലക്ഷദ്വീപ് ഭരണകൂടത്തിലേക്ക് ഹെറിറ്റേജ് ഫീ ഇനത്തിൽ ഒരു സംഖ്യ അടക്കേണ്ടതുണ്ട്. ലക്ഷദ്വീപിന്റെ മനോഹാരിത നിലനിർത്താൻ ആവശ്യമായ ശുചീകരണം, മാലിന്യ സംസ്കരണം തുടങ്ങി ആവശ്യങ്ങൾക്കായാണ് വിനോദ സഞ്ചാരികളിൽ നിന്നും ഹെറിറ്റേജ് ഫീ ഈടാക്കുന്നത്. നിലവിൽ ഒരാൾക്ക് പെർമിറ്റ് എടുക്കുന്നതിന് ₹200 രൂപയാണ് ഹെറിറ്റേജ് ഫീ ഇനത്തിൽ ഈടാക്കുന്നത്. വിനോദ സഞ്ചാരികൾക്ക് പരമാവധി ഒരു മാസം വരെയാണ് ഇപ്പോൾ എൻട്രി പെർമിറ്റ് അനുവദിക്കുന്നത്. ഒരു മാസം മുഴുവൻ നിന്നാലും ഹെറിറ്റേജ് ഫീ ഇനത്തിൽ ₹200 രൂപ നൽകിയാൽ മതിയാകുമായിരുന്നു. വെറും രണ്ടോ മൂന്നോ ദിവസത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികളും എൻട്രി പെർമിറ്റ് ഒരു മാസത്തേക്കാണ് കൂടുതലും എടുക്കാറുള്ളത്. എല്ലാ ദിവസവും കപ്പൽ സൗകര്യം ലഭ്യമല്ലാത്തതിനാൽ ഒരു മാസത്തെ എൻട്രി പെർമിറ്റ് എടുത്ത് വെക്കുകയും കപ്പൽ ലഭ്യത അനുസരിച്ച് യാത്ര ക്രമീകരിക്കുകയുമാണ് നിലവിൽ വിനോദ സഞ്ചാരികൾ ചെയ്തിരുന്നത്. ഇതുവഴി ടൂർ ഓപ്പറേറ്റർമാർക്കും അതിഥികളെ കൊണ്ടുവരുന്നതിന് സൗകര്യമായിരുന്നു.
എന്നാൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശ്രീ.ശിവം ചന്ദ്ര ഐ.എ.എസ് ഇറക്കിയ പുതിയ ഉത്തരവ് അനുസരിച്ച് ഇനി മുതൽ ലക്ഷദ്വീപിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾ ലക്ഷദ്വീപിൽ നിൽക്കാൻ ഉദ്ദേശിക്കുന്ന ഓരോ ദിവസത്തിനും ₹200 രൂപ വീതം മുൻകൂറായി അടക്കേണ്ടി വരും. അതായത് 30 ദിവസത്തെ എൻട്രി പെർമിറ്റിന് ഇനി അപേക്ഷകൾ സമർപ്പിക്കുമ്പോൾ മുൻകൂറായി ₹6000 രൂപ അടക്കേണ്ടി വരും. എൻട്രി പെർമിറ്റ് എടുക്കുന്ന ഘട്ടത്തിൽ എത്ര ദിവസം ദ്വീപിൽ തുടരേണ്ടി വരും എന്ന് മുൻകൂട്ടി അറിയുന്നതിന് പരിമിതികൾ ഉണ്ട്. മിക്കവാറും കപ്പൽ ഷെഡ്യൂൾ പോലും വരുന്നതിന് മുമ്പുതന്നെ അപേക്ഷിച്ചാലാണ് നമ്മൾ ഉദ്ദേശിക്കുന്ന ദിവസത്തേക്ക് എൻട്രി പെർമിറ്റ് ലഭ്യമാവുക. ഒട്ടും പ്രായോഗികമല്ലാത്ത തീരുമാനമാണ് ഭരണകൂടം കൈകൊണ്ടിരിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കിയാൽ വിനോദ സഞ്ചാരികൾ ലക്ഷദ്വീപിൽ എത്തുന്നത് ഗണ്യമായി കുറയും എന്ന് ടൂർ ഓപ്പറേറ്റർമാർ പറയുന്നു. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് ചെറുപ്പക്കാരുടെ ദൈനംദിന ജീവിതത്തെ തന്നെ പുതിയ തീരുമാനം സാരമായി ബാധിക്കും എന്ന് ഉറപ്പാണ്. പുതിയ തീരുമാനം അടിയന്തരമായി നടപ്പാക്കുമെന്നാണ് അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.