അഗത്തി: “റേസ്, റൈസ്, റെസ്പക്ട്” എന്ന പ്രമേയത്തിൽ നടക്കുന്ന 33 ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് അഗത്തിയിൽ പ്രൗഢമായ തുടക്കമായി. ലക്ഷദ്വീപ് എം.പി അഡ്വ. ഹംദുള്ളാ സഈദ് മീറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 198 പെൺകുട്ടികളും 462 ആൺകുട്ടികളും ഉൾപ്പെടെ 660 കായിക താരങ്ങളാണ് എൽ.എസ്.ജിയുടെ ഈ സീസണിൽ പങ്കെടുക്കുന്നത്. 57 ഒഫീഷ്യൽസ് ഉൾപ്പെടെ 717 പേർ പങ്കെടുക്കുന്ന ലക്ഷദ്വീപിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനാണ് അഗത്തി ദ്വീപ് സാക്ഷ്യം വഹിക്കുന്നത്.
ആദ്യ ദിനത്തിൽ 21 ഐറ്റം പൂർത്തിയാക്കിയപ്പോൾ ഏവരെയും ഞെട്ടിച്ചു കൊണ്ട് അമിനി ദ്വീപാണ് പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ കവരത്തിയെയും, വമ്പൻമാരായ ആന്ത്രോത്തിനെയും പിന്നിലാക്കിയാണ് അമിനി ദ്വീപ് മുന്നേറുന്നത്. 49 പോയിന്റുമായി അമിനി ദ്വീപ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 38 പോയിന്റുമായി ആന്ത്രോത്ത് ദ്വീപ് രണ്ടാം സ്ഥാനത്തും, 34 പോയിന്റുമായി കവരത്തി ദ്വീപ് മൂന്നാം സ്ഥാനത്തുമാണ്. ഇന്നലെ നടന്ന അവസാന മത്സരങ്ങളുടെ ഫലം ലഭ്യമായിട്ടില്ല. കൂടാതെ ഇരുപതോളം ഇനങ്ങളിൽ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഇന്ന് നടക്കും. ഇതോടെ പോയിന്റ് പട്ടിക മാറി മറിയും എന്ന് ഉറപ്പാണ്.