ന്യൂഡൽഹി: പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേയുടെ ഏഴാമത് വാർഷിക റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം തൊഴിലില്ലായ്മ ലക്ഷദ്വീപിൽ. 2023 ജൂലൈ മാസം മുതൽ 2024 ജൂൺ മാസം വരെയുള്ള രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്കുകൾ പഠിച്ച ശേഷമാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. 15 മുതൽ 29 വയസ് വരെ പ്രായമുള്ള യുവാക്കളിലാണ് പഠനം നടത്തിയത്. ഈ പ്രായ പരിധിയിലുള്ള ലക്ഷദ്വീപിലെ 79.7% സ്ത്രീകളും 26.2% പുരുഷന്മാരും തൊഴിൽരഹിതരാണ്. പുരുഷനും സ്ത്രീയും അടക്കം ലക്ഷദ്വീപിലെ തൊഴിൽരഹിതരായ യുവാക്കളുടെ ആകെ കണക്ക് 36.2% ആണ്. ലക്ഷദ്വീപിന് തൊട്ടു പിന്നാലെ 33.6% തൊഴിലില്ലായ്മയുമായി ആന്തമാൻ നിക്കോബാർ ദ്വീപാണ് രണ്ടാം സ്ഥാനത്ത്.
ഈ പ്രായ പരിധിയിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മയിൽ ദേശീയ ശരാശരിയായി രേഖപ്പെടുത്തിയത് 10.2% മാത്രമാണ്. അപ്പോഴാണ് ശതമാനക്കണക്ക് അനുസരിച്ച് പൊതു മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകളുള്ള ലക്ഷദ്വീപിലെ യുവാക്കളിലെ തൊഴിലില്ലായ്മ 36.2% എന്ന റെക്കോർഡിൽ എത്തി നിൽക്കുന്നത്. ഒരു പ്രദേശത്തെയാകെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് സംഘപരിവാർ ശക്തികൾ നടപ്പാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം നാലായിരത്തോളം കോൺട്രാക്ട് ജീവനക്കാരെ പിരിച്ചുവിട്ടത് മൂലം അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിലില്ലായ്മയിലേക്ക് നീങ്ങിയതിന്റെ ബാക്കിപത്രം കൂടിയാണ് പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേയുടെ പഠനം പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകൾ.