അഗത്തി: വയനാടിനെ ചേർത്തുപിടിക്കാനുള്ള ഉദ്യമത്തിൽ ലക്ഷദ്വീപിലെ മുഴുവൻ ജനങ്ങളും അണിചേരുന്ന മനോഹരമായ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ മറ്റൊരു വാർത്ത കൂടി അഗത്തി ദ്വീപിൽ നിന്നും പുറത്തുവരികയാണ്. അഗത്തി ജൂനിയർ ബേസിക് സ്കൂൾ നോർത്തിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ അംന എൻ.എം എന്ന മോൾ തനിക്ക് ഒരു സൈക്കിൾ വാങ്ങണം എന്ന ഉദ്ദേശത്തിൽ കിട്ടുന്ന തുകകൾ നിക്ഷേപിക്കുന്ന കുടുക്ക മൊത്തമായി എടുത്തുകൊണ്ട് വന്ന് മോളുടെ ഹെഡ്മാസ്റ്റർ സാറിനെ നേരിട്ട് ഏല്പിച്ചു. അതിൽ സാമാന്യം നല്ല ഒരു തുകയും ഉണ്ടായിരുന്നു. ഇതറിഞ്ഞ ക്ലാസ്സ് ടീച്ചറും മോളുടെ സ്കൂളിലെ ടീച്ചർമാരും സീനിയർ സെക്കൻഡറി സ്കൂളിലെ കുറെ അദ്ധ്യാപകരും ചേർന്ന് അവളുടെ ആഗ്രഹമായ ഒരു സൈക്കിൾ പെട്ടന്ന് തന്നെ വാങ്ങി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് അംന. മാതാപിതാക്കൾ അമിനി ദ്വീപിലെതാണ്. അഗത്തിയിൽ മോളുടെ ബന്ധുക്കളുടെ കൂടെ താമസിച്ച് പഠിക്കുകയാണ്.