കൊച്ചി: പൊന്നാനിയിൽ നിന്നും പുറപ്പെട്ട മീൻപിടുത്ത ബോട്ടിൽ ചെറു ചരക്ക് കപ്പൽ ഇടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ നിർണായകമായ തെളിവെടുപ്പ് തുടങ്ങി. വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായി കപ്പലുകളുടെ സഞ്ചാരവിവരങ്ങൾ, കപ്പലിലെ ബ്രിഡ്ജിലെ സംഭാഷണങ്ങൾ എന്നിവ റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന വോയേജ് ഡാറ്റ റെക്കോർഡർ പരിശോധിക്കാനുള്ള നടപടികൾ തുടങ്ങി. കസ്റ്റഡിയിലെടുത്ത് കൊച്ചിയിൽ എത്തിച്ച ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷനു കീഴിലെ എം.വി സാഗർ യുവരാജ് എന്ന ചെറു കപ്പലിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിലെ ഉദ്യോഗസ്ഥർ, മർകൻഡൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവർ വിശദമായി പരിശോധന നടത്തി. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ഇസഹാക്ക് ബോട്ടിൽ ലൈറ്റ് തെളിയിച്ചിരുന്നില്ല എന്നാണ് കപ്പൽ ജീവനക്കാർ നൽകിയ ആദ്യ മൊഴി. എന്നാൽ വി.ഡി.ആറും, റഡാർ ഡാറ്റയും പരിശോധിക്കുന്നതോടെ ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് വ്യക്തത ലഭിക്കും. ബോട്ടിൽ ലൈറ്റ് ഉണ്ടായിരുന്നതായാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മൊഴി. സാധാരണ ചരക്ക് കപ്പലുകൾ സഞ്ചരിക്കാറുള്ള സഞ്ചാര പാതയിൽ നിന്ന് വ്യതിചലിച്ചാണ് കപ്പൽ സഞ്ചരിച്ചതെന്ന് തൊഴിലാളികൾക്ക് സംശയമുണ്ട്. കപ്പലിൽ ഉണ്ടായിരുന്ന 18 ജീവനക്കാരുടെയും മൊഴി ഇന്നലെ രേഖപ്പെടുത്തി. അതോടൊപ്പം കപ്പലിലെ ക്യാപ്റ്റൻ, ക്യാപ്റ്റന്റെ സഹായി വാച്ച് ഡ്യൂട്ടി ചെയ്തിരുന്ന ഉദ്യോഗസ്ഥൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.