ആന്ത്രോത്ത്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി ലക്ഷദ്വീപിൽ സി.പി.ഐ(എം) എൻ.സി.പി(എസ്) സ്ഥാനാർഥി മുഹമ്മദ് ഫൈസലിനെ പിന്തുണക്കും. സി.പി.ഐ(എം) കേരള സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ലക്ഷദ്വീപിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഇല്ലാതാക്കുകയും ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങൾ വലിയ പോരാട്ടങ്ങളാണ് നടത്തുന്നത്. ആ പോരാട്ടങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകിയത് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലാണെന്നും, അതിന്റെ പേരിൽ മുഹമ്മദ് ഫൈസൽ വേട്ടയാടപ്പെട്ടു എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇനിയും പോരാട്ടങ്ങൾ നടത്താൻ അദ്ദേഹത്തെ പോലെയുള്ള നേതാക്കൾ ജയിച്ചു പാർലമെന്റിൽ എത്തേണ്ടത് അത്യാവശ്യമാണ്. രാജ്യത്തുടനീളം ബി.ജെ.പിയോട് ഏറ്റുമുട്ടാൻ കഴിവുള്ള നേതാക്കൾ വിജയിച്ചു വരണം എന്ന നിലപാടാണ് പാർട്ടിയുടേത്. അതിനു പറ്റിയ രീതിയിലാണ് ബി.ജെ.പി വിരുദ്ധ പക്ഷത്തെ നേതാക്കളെ പാർട്ടി പിന്തുണക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.വി ഗോവിന്ദൻ മാസ്റ്ററുടെ ആഹ്വാനത്തെ തുടർന്ന് സി.പി.ഐ(എം) ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി(ഇൻ ചാർജ്) മുഹമ്മദ് ശാഫി ഖുറൈശിയുടെ നേതൃത്വത്തിൽ നേതാക്കൾ മുഹമ്മദ് ഫൈസലിനെ നേരിൽ കണ്ട് പിന്തുണ അറിയിച്ചു. സംഘപരിവാർ ശക്തികളുടെ നീക്കങ്ങളെ തുടർന്ന് രണ്ടു തവണ അയോഗ്യനാക്കപ്പെട്ടിട്ടും നിയമപോരാട്ടത്തിലുടെ തിരിച്ചു വരവ് നടത്തിയ ഫൈസൽ ജനാധിപത്യ വിശ്വാസികൾക്ക് ഏറെ ആവേശം പകർന്നിരിന്നു എന്നും അദ്ദേഹത്തിന് പാർട്ടി ലക്ഷദ്വീപ് ഘടകത്തിന്റെ പൂർണ്ണമായ പിന്തുണ അറിയിക്കുന്നതായും മുഹമ്മദ് ശാഫി ഖുറൈശി പറഞ്ഞു.