കവരത്തി: ലക്ഷദ്വീപിലെ പണ്ടാരം ഭൂമി ഏറ്റെടുക്കലിനെതിരെ ബി.ജെ.പി. ബി.ജെ.പി ലക്ഷദ്വീപ് ഘടകം രാഷ്ട്രപതി ദ്രൗപദി മുർമുവിനേയും, പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും, ആഭ്യന്തര മന്ത്രി അമിത് ഷായേയും സന്ദർശിച്ച് ദ്വീപ് നിവാസികളുടെ ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. ലക്ഷദ്വീപ് നിവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന നിലപാടിലാണ് ബി.ജെ.പി ഇടപെടൽ നടത്തുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ കാസ്മിക്കോയ പറഞ്ഞു.
പണ്ടാരം ഭൂമി ഏറ്റെടുക്കൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി ഇന്ത്യാ സഖ്യം മാറ്റുന്നെന്ന ആരോപണവും ബി.ജെ.പിയുടെ ഭാഗത്ത് നിന്നും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി നേതാക്കൾ ഈ വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടുന്നത്. പണ്ടാരം ഭൂമി ഏറ്റെടുക്കൽ നിർത്തിവെയ്ക്കണം എന്നും, ഇതുമായി ബന്ധപ്പെട്ട നടപടികളിൽ നിന്ന് ലക്ഷദ്വീപ് ഭരണകൂടം പിന്മാറണം എന്നുമാണ് ബി.ജെ.പിയുടെ ആവശ്യമെന്ന് പാർട്ടി ലക്ഷദ്വീപ് ഘടകം അദ്ധ്യക്ഷൻ കെ.എൻ കാസ്മി കോയാ പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദ്വീപ് നിവാസികളെ വിശ്വാസത്തിലെടുത്ത് ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ദ്വീപിലെ ടൂറിസം അടക്കമുള്ള വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുത്താൽ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു. വികസന പദ്ധതിക്ക് ലക്ഷദ്വീപ് നിവാസികൾ എതിരല്ലെന്നും ബിജെപി അദ്ധ്യക്ഷൻ വ്യക്തമാക്കി.