കൊച്ചി: താൻ കോടതിയിൽ പൊതു താല്പര്യ ഹരജി നൽകിയതിനെയും, ജനങ്ങളെ കുടിയിറക്കരുത് എന്ന് ഇടക്കാല വിധി ലഭിച്ചതിനേയും തനിക്കെതിരെ കള്ളപ്രചാരണം നടത്താനായി പലരും സാമൂഹിക മാധ്യമങ്ങളിലൂടെ ഉപയോഗിക്കുന്നതായി ഡോ. മുഹമ്മദ് സ്വാദിഖ് പറഞ്ഞു. ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ പറഞ്ഞ പത്തു ദിവസം ശനിയാഴ്ചയോടെ പൂർത്തിയാവുകയാണ്. അതു കഴിഞ്ഞതിന് ശേഷം കുടിയിറക്കാനുള്ള നടപടികളിലേക്കാവും ഭരണകൂടം നീങ്ങുക. പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും അത് തിരിച്ചുപിടിക്കും എന്നും ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന സർവ്വേ നടപടികൾ അതിന്റെ മുന്നൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെ ഡോ മുഹമ്മദ് സ്വാദിഖ് പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം.
ചിലർ സമൂഹ മാധ്യമങ്ങളിലൂടെ ഡോ.സാദിഖ് കേരള ഹൈക്കോടതിയിൽ നിന്നും നേടിയ എവിക്ഷൻ നടപടി സ്റ്റേയെ പറ്റി ജനങ്ങളെ പേടിപ്പിക്കുന്ന രീതിയിലും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലും നടത്തുന്ന പരാമർശങ്ങൾ വസ്തുതാവിരുദ്ധവും വിഷയങ്ങളെക്കുറിച്ച് ധാരണയില്ലാതെ ദുരുദ്ദേശപരമായി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം നടത്തുന്ന കള്ള പ്രചരണവുമാണ്.
യഥാർത്ഥത്തിൽ Dr.സാദിഖ് ചെയ്ത കാര്യം എന്താണ് ? കലക്ടർ 27.06.24 ന് ഇറക്കിയ നോട്ടീസിൽ പണ്ടാരം ഭൂമി സർക്കാറിൻ്റേതാണെന്നും,അത് സർക്കാർ തിരിച്ചുപിടിക്കുമെന്നും, ആ ഭുമികളിലുള്ള വീട്, തെങ്ങ്, മറ്റ് വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്താൻ 10 ദിവസത്തിനുള്ളിൽ ഭൂഉടമകൾ അവരുടെ രേഖകൾ അധികാരികൾക്ക് മുന്നിൽ ഹാജരാക്കണമെന്നും പറയുന്നു. ആ നോട്ടീസിൽ പറഞ്ഞ 10 ദിവസം ശനിയാഴ്ചയോടെ തീരും.
ഈ സർവ്വേ നമുക്ക് സ്റ്റേ ചെയ്യണമെങ്കിൽ വ്യക്തികൾക്ക് നോട്ടിസ് കിട്ടണം. മറിച്ച് 10 ദിവസം കഴിഞ്ഞാൽ പട്ടേലും കലക്ടറും ഒഴിപ്പക്കൽ നടപടി തുടങ്ങും. അല്ലാതെ നമ്മുടെ മക്കൾക്കോ മരുമക്കൾക്കോ ഭുമി പതിച്ചുനൽകാനല്ലല്ലോ ഈ സർവ്വേ. കുടിയൊഴിപ്പിക്കൽ നടന്നതിന് ശേഷമാണോ കേസിന് പോകേണ്ടത്?
അതായത് കളക്റ്ററുടെ ഓർഡർ പ്രകാരം കുടിയൊഴിപ്പിക്കലിൻ്റെ മുന്നോടിയായിത്തന്നെയാണ് ഈ സർവ്വെ നടത്തുന്നത്.
കുടിയൊഴിപ്പിക്കൽ നടപടികൾ തടയണമെന്ന താൽക്കാലിക ഓർഡർ പ്രകാരം നിയമപരമായി സർവ്വെയും നിർത്തിവെക്കേണ്ടതാണ്.
അതുകൊണ്ട് ഇനി നടത്തുന്ന സർവ്വേകളും മറ്റു നടപടികളും നിയമവിരുദ്ധമാണ്. മാത്രമല്ല 10 ദിവസം കഴിഞ്ഞാൽ അവർക്ക് കുടിയൊഴിപ്പിക്കാനാവില്ല, അപ്പോഴേക്കും മുഴുവൻ ഭൂഉടമകൾക്കും കേസിന് പോകാനുള്ള സാവധാനവും കിട്ടും.
യാഥാർത്ഥ്യം ഇതായിരിക്കെ സർവ്വെ ചെയ്യുന്നതിനെ നിസാരവൽക്കരിച്ചു കൊണ്ട് ചിലർ നടത്തുന്ന പരാമർശങ്ങൾ ശരിയല്ല. ഇത് തികച്ചും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതാണെന്ന് ജനം തിരിച്ചറിയണം. ഇത്തരം പ്രചരണങ്ങൾ നടത്തുന്നവരോട് പറയാനുള്ളത് ഇതുപോലൊരു പ്രതിസന്ധി നാടും നാട്ടുകാരും അഭിമുകീകരിക്കുമ്പോൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുന്നതിന് പകരം സ്വയം ലാഭത്തിനും പ്രസ്ഥാനത്തിന്റെ ലാഭത്തിനും വേണ്ടി ഇത്തരം അവസരങ്ങൾ ഉപയോഗിക്കാതിരിക്കുക. അവരവർക്ക് പറ്റുന്ന പോലെ നിയമ പോരാട്ടാവും അല്ലാതെയുള്ള പ്രതിരോധവും തീർത്ത് ഈ പ്രതിസന്ധി മറികടക്കാൻ കൂട്ടായി ശ്രമിക്കാം.