കവരത്തി: ജില്ലാ കളക്ടറുടെ നിർദ്ദേശം അനുസരിച്ച് പണ്ടാരം ഭൂമിയിലെ വസ്തു വകകളുടെ മൂല്യ നിർണ്ണയത്തിനായി ഉദ്യോഗസ്ഥർക്ക് ഭൂമിയുമായി ബന്ധപ്പെട്ട ഒരു രേഖകളും നൽകരുതെന്ന് പണ്ടാരം ലാന്റ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് നാസർ അറിയിച്ചു. ആരും ആശങ്കപ്പെടേണ്ടതില്ല. അഞ്ചു ദ്വീപുകളിലും പണ്ടാരം ലാന്റ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.

നിങ്ങൾക്ക് നോട്ടീസ് ലഭിച്ച ഉടനെ തന്നെ കമ്മിറ്റിയുമായി ബന്ധപ്പെട്ടാൽ തുടർ നടപടികൾ അവർ നിർദ്ദേശിക്കും. വീടുകളുടെയും, സ്ഥാപനങ്ങളുടെയും, തെങ്ങുകൾ ഉൾപ്പെടെയുള്ള മരങ്ങളുടെയും മൂല്യനിർണയത്തിനായി ഉദ്യോഗസ്ഥർ വരുമ്പോൾ കൃത്യമായ ചെറുത്തു നിൽപ്പ് ഉണ്ടാവണം. ഈ ഭൂമികൾ സർക്കാർ ഭൂമികളാണെന്ന് തെളിയിക്കുന്ന രേഖകൾ നിങ്ങളുടെ പക്കൽ ഉണ്ടോ എന്ന് ഉദ്യോഗസ്ഥരോട് ചോദിക്കണം. അങ്ങനെ സർക്കാർ ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലാതെ ഞങ്ങളുടെ വീടുകളിലോ സ്ഥാപനങ്ങളിലോ പ്രവേശിച്ചാൽ നിങ്ങൾക്കെതിരെ ഞങ്ങൾ നിയമനടപടി സ്വീകരിക്കുമെന്ന് അവരെ അറിയിക്കണം. ആരും ആശങ്കപ്പെടേണ്ടതില്ല എന്നും ലക്ഷദ്വീപ് പണ്ടാരം ലാന്റ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ നിങ്ങളോടൊപ്പം ഉണ്ടാവും എന്നും, നമ്മുടെ ഒരു തരി മണ്ണ് പിടിച്ചെടുക്കാൻ ആരെയും അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here