
കവരത്തി: ചരക്കുസേവന നികുതി (ജി.എസ്.ടി) ഭരണസംവിധാനം ദ്വീപുതലത്തിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നിരീക്ഷണ ചുമതലകൾ ഊർജിതമാക്കുന്നതിനുമായി ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ നൽകി ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി. പ്ലാനിംഗ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ടാക്സേഷൻ ഡയറക്ടറേറ്റിന്റെ കീഴിൽ പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കാണ് അടിയന്തര പ്രാബല്യത്തോടെ ജി.എസ്.ടി ചുമതലകൾ വിഭജിച്ചു നൽകിയിരിക്കുന്നത്. ദ്വീപുകളിലെ വ്യാപാര മേഖലയിലും ചരക്കുനീക്കത്തിലും കൃത്യമായ സുതാര്യത ഉറപ്പുവരുത്തുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് അഡ്മിനിസ്ട്രേഷൻ പറയുന്നത്.
ജി.എസ്.ടി നിയമങ്ങൾ പൂർണ്ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, ഫീൽഡ് തല പരിശോധനകൾ നടത്തുക, ചരക്കുകളുടെ വിവരങ്ങൾ ശേഖരിക്കുക, എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കുക എന്നിവയാണ് പുതുതായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലകൾ. ഇതിന്റെ ഭാഗമായി കവരത്തി ആസ്ഥാനത്ത് ഡെപ്യൂട്ടി കമ്മീഷണറായി ഡയറക്ടർ മുകുന്ദ് വല്ലഭ് ജോഷിയും, വിവിധ ദ്വീപുകളിൽ ഡാനിക്സ് ഉദ്യോഗസ്ഥർ അസിസ്റ്റന്റ് കമ്മീഷണർമാരായും ചുമതലയേൽക്കും. കൂടാതെ പ്രാദേശികമായി സേവനമനുഷ്ഠിക്കുന്ന റവന്യൂ, സ്റ്റാറ്റിസ്റ്റിക്കൽ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ ജി.എസ്.ടി ഓഫീസർമാർ, ഇൻസ്പെക്ടർമാർ എന്നീ പദവികളിൽ അധിക ചുമതലയോടെ നിയോഗിച്ചിട്ടുണ്ട്.
ഈ തീരുമാനത്തോടൊപ്പം ദ്വീപിലേക്കുള്ള ചരക്കുനീക്കം കൂടുതൽ ക്രമീകരിക്കുന്നതിനുള്ള മറ്റ് അനുബന്ധ നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വൻകരയിലെ തുറമുഖങ്ങളിൽ നിന്നും ദ്വീപുകളിലേക്ക് ചരക്കുകൾ കയറ്റി അയക്കുന്നതിന് മുൻകൂറായി അനുമതി പത്രം കൈപ്പറ്റണം എന്ന നിർദ്ദേശം ഇതിലൊന്നാണ്. ഇതിനുപുറമെ, തുറമുഖങ്ങളിൽ എത്തുന്ന ചരക്കുകളുടെ ഇ-വേ ബില്ലുകൾ (e-Way Bills) കർശനമായി പരിശോധിക്കുന്നതിനും, ചരക്കുനീക്കത്തിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ നികുതി വെട്ടിപ്പോ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ജി.എസ്.ടി കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ദ്വീപുകളിലെ ഈ പുതിയ നിരീക്ഷണ സംവിധാനം പ്രവർത്തിക്കുക.
















