
കവരത്തി: ലക്ഷദ്വീപ് നാഷണൽ ഹെൽത്ത് മിഷന്റെ (NHM) കീഴിൽ ആരോഗ്യ വകുപ്പിലെ 11 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തെ കാലാവധിയിലേക്കാണ് താൽക്കാലിക നിയമനം നടത്തുന്നതെന്നും, പ്രകടനത്തിന്റെ അടിസ്ഥാനത്തിലും നാഷണൽ ഹെൽത്ത് മിഷന്റെ അനുമതിക്ക് വിധേയമായും കാലാവധി നീട്ടി നൽകാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ വിർച്വൽ ഇന്റർവ്യൂ മുഖേനയായിരിക്കും നടക്കുക.
നഴ്സിംഗ് ഓഫീസർ, റേഡിയോ ഗ്രാഫർ, ഫിസിയോതെറാപ്പിസ്റ്റ്, ഡെന്റൽ അസിസ്റ്റന്റ്, പൾമണോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ഏഴ് ഒഴിവുകളുള്ള നഴ്സിംഗ് ഓഫീസർ തസ്തികയ്ക്ക് പ്ലസ് ടു സയൻസും അംഗീകൃത നഴ്സിംഗ് ഡിഗ്രി അല്ലെങ്കിൽ ജി.എൻ.എം ഡിപ്ലോമയും നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. 30 വയസ്സാണ് പ്രായപരിധി, മാസം 12,600 രൂപ വേതനം ലഭിക്കും. ഓരോ ഒഴിവുകൾ വീതമുള്ള റേഡിയോ ഗ്രാഫർ, ഫിസിയോതെറാപ്പിസ്റ്റ്, ഡെന്റൽ അസിസ്റ്റന്റ്, പൾമണോളജിസ്റ്റ് എന്നീ തസ്തികകളിൽ റേഡിയോഗ്രാഫിക്ക് ഡിപ്ലോമയും, ഫിസിയോതെറാപ്പിക്ക് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും, ഡെന്റൽ അസിസ്റ്റന്റിന് ഡെന്റൽ മെക്കാനിക്ക് കോഴ്സും, പൾമണോളജിസ്റ്റിന് എം.ഡി റെസ്പിറേറ്ററി മെഡിസിനുമാണ് യോഗ്യത. ഇതിൽ പൾമണോളജിസ്റ്റ് തസ്തികയ്ക്ക് 40 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം, പ്രതിമാസ വേതനം രണ്ടു ലക്ഷം രൂപയാണ്. മറ്റ് തസ്തികകൾക്ക് 30 വയസ്സാണ് പ്രായപരിധി.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2026 ഒക്ടോബർ 3 വൈകുന്നേരം 6 മണിക്ക് മുൻപായി നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് (https://forms.gle/e5pchkR4C7FgViX18) വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, കൗൺസിൽ രജിസ്ട്രേഷൻ, ജനന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ സിംഗിൾ PDF ഫോർമാറ്റിൽ (10 MB-യിൽ താഴെ) അപ്ലോഡ് ചെയ്യേണ്ടതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വിർച്വൽ ഇന്റർവ്യൂവിന്റെ തീയതി, സമയം, ലിങ്ക് എന്നിവ അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വഴി അയച്ചു നൽകുന്നതായിരിക്കും. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് lk-nhm@utl.gov.in എന്ന ഇമെയിൽ വഴിയോ 04896-263748 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
















