
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി തുടരുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന് (NHM) കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 8 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന എട്ട് കരാർ ജീവനക്കാരെക്കൂടി ജോലിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിലെ എൻ.എച്ച്.എം വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മാൻപവർ റാഷണലൈസേഷന്റെയും പുനഃസംഘടനയുടെയും ഭാഗമായാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. കവരത്തിയിലെ എൻ.എച്ച്.എം ഓഫീസ്, ആന്ത്രോത്ത്, അമിനി, കടമത്ത്, ചെത്ത്ലാത്ത് എന്നിവിടങ്ങളിലെ ആയുഷ്മാൻ ആരോഗ്യ മന്ദിർ (AAM), കവരത്തിയിലെ ഐ.ജി.എച്ച് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെയാണ് ഈ ഉത്തരവിലൂടെ ഒഴിവാക്കിയിരിക്കുന്നത്. എസ്.ഒ (NIDDCP), റിഹാബിലിറ്റേഷൻ വർക്കർമാർ, വാക്സിൻ അറ്റൻഡർമാർ, ജനറൽ ഡ്യൂട്ടി അറ്റൻഡർ, സപ്പോർട്ടിംഗ് സ്റ്റാഫ് (LaQshya), എം.ടി.എസ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്ന നൂറുൽ അൻസാർ, ബീബി പി.കെ., ബീഫത്തുമ്മാബി എം.പി., മുത്തുക്കോയ പി.പി., ദർവേഷ് ഖാൻ എൽ.പി., എം.സി. തസ്ലീമ, ബീബി കെ., റിഫായി എന്നിവരെയാണ് ഉടനടി പ്രാബല്യത്തിൽ പിരിച്ചുവിട്ടിട്ടുള്ളത്.
ജീവനക്കാരുടെ കരാർ നിയമനം ഉടനടി അവസാനിപ്പിക്കുന്നതായി ഉത്തരവിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക രേഖകളും ഉപകരണങ്ങളും മറ്റ് സർക്കാർ വസ്തുവകകളും തിരികെ നൽകി ചുമതലകളിൽ നിന്ന് വിടുതൽ നേടാനും ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ചട്ടപ്രകാരമുള്ള ശമ്പള കുടിശ്ശികകളും മറ്റ് അർഹമായ ആനുകൂല്യങ്ങളും തീർപ്പാക്കാൻ ബന്ധപ്പെട്ട ഡ്രോയിംഗ് ആൻഡ് ഡിസ്ബർസിംഗ് ഓഫീസർമാർക്കും കൺട്രോളിംഗ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് കരാർ ജീവനക്കാരെ ഒഴിവാക്കുന്ന ഇത്തരം തുടർനടപടികൾ ജീവനക്കാർക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.
















