
കവരത്തി: ലക്ഷദ്വീപിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യ റിസർവ് ബറ്റാലിയൻ (IRBn) ഉദ്യോഗസ്ഥർക്ക് സ്വന്തം ദ്വീപുകളിൽ നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട് 2008-ൽ പുറത്തിറക്കിയ ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം അടിയന്തര പ്രാബല്യത്തിൽ പിൻവലിച്ചു. 2026 നവംബർ 6-ന് IRBn കമാൻഡന്റ് പുറത്തിറക്കിയ പുതിയ ഓഫീസ് ഉത്തരവിലാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. യോഗ്യമായ അധികാരിയുടെ അംഗീകാരത്തോടെയാണ് ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പഴയ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.
2008 ജൂൺ 18-ന് പുറപ്പെടുവിച്ച F.No. 03/02/2007-IRBn നമ്പർ ഉത്തരവ് പ്രകാരം, ഓരോ ദ്വീപിലും വിന്യസിക്കപ്പെടുന്ന ബറ്റാലിയൻ അംഗങ്ങളിൽ മൂന്നിലൊരു ഭാഗം അതത് ദ്വീപുകളിൽ നിന്നുള്ളവരായിരിക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. ഈ നയമനുസരിച്ച് താൽപര്യമുള്ള ഉദ്യോഗസ്ഥർക്ക് സീനിയോറിറ്റി അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സ്വന്തം ദ്വീപിൽ പോസ്റ്റിംഗ് ലഭിച്ചിരുന്നു. ഒരു വർഷത്തെ കാലാവധി പൂർത്തിയാക്കുന്നവരെ മറ്റ് ദ്വീപുകളിലേക്ക് മാറ്റുകയും പകരം അടുത്ത മൂന്നിലൊരു ഭാഗം ഉദ്യോഗസ്ഥർക്ക് സ്വന്തം ദ്വീപിൽ നിയമനം നൽകുകയുമായിരുന്നു ഇതുവരെ തുടർന്നുവന്നിരുന്ന രീതി.
കൂടാതെ, ലക്ഷദ്വീപിൽ രണ്ട് വർഷത്തെ സേവനം പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥരെ കമ്പനി ട്രാൻസ്ഫർ വഴി ദാമൻ, ദിയു, ദാദ്ര ആൻഡ് നഗർ ഹവേലി എന്നിവിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥയും 2008-ലെ ഉത്തരവിൽ ഉൾപ്പെട്ടിരുന്നു.
വർഷങ്ങളായി നിലനിന്നിരുന്ന ഈ ഉത്തരവ് പിൻവലിച്ചതോടെ IRBn ഉദ്യോഗസ്ഥരുടെ സ്വന്തം ദ്വീപുകളിലേക്കുള്ള നിയമന രീതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ, നിലവിലുള്ള പോസ്റ്റിംഗ് രീതി പൂർണ്ണമായും മാറുമോ എന്നതിനെക്കുറിച്ചോ പകരം എന്ത് പുതിയ നയമാണ് നടപ്പിലാക്കുക എന്നതിനെക്കുറിച്ചോ നവംബർ 6-ന് പുറത്തിറങ്ങിയ പുതിയ ഉത്തരവിൽ വ്യക്തമായ വിശദീകരണങ്ങൾ നൽകിയിട്ടില്ല.
















