
കവരത്തി: ലക്ഷദ്വീപ് തീരങ്ങളിൽ വൻ തിരമാലകൾക്കും കള്ളക്കടൽ (Swell Surge) പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ നേരത്തെ പുറപ്പെടുവിച്ചിരുന്ന ജാഗ്രതാ നിർദ്ദേശം ഭേദഗതി ചെയ്ത് റെഡ് അലർട്ട് (Red Alert) ആയി ഉയർത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) അറിയിച്ചു. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (INCOIS) ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരമാണ് ഈ നടപടി. പുതിയ നിർദ്ദേശമനുസരിച്ച് സെപ്റ്റംബർ 26 പുലർച്ചെ 02:30 മുതൽ സെപ്റ്റംബർ 28 പുലർച്ചെ 02:30 വരെയുള്ള സമയയളവിലാണ് റെഡ് അലർട്ട് നിലവിലുണ്ടാവുക. ഈ കാലയളവിൽ 1.0 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ തീരത്ത് അടിച്ചു വീശാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യത ശക്തമായതിനാൽ പൊതുജനങ്ങളും മൽസ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ബീച്ചുകളിലും തീരത്തോടടുത്ത പ്രദേശങ്ങളിലും വിനോദസഞ്ചാരങ്ങൾ ഉൾപ്പെടെയുള്ള എല്ലാവിധ വിനോദ പരിപാടികളും പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കടൽക്ഷോഭത്തിനെതിരെ പ്രത്യേക കരുതലുകൾ എടുക്കേണ്ടതാണ്.
ചെറിയ ബോട്ടുകൾ തീരത്തുനിന്ന് കടലിലേക്ക് ഇറക്കുന്നതിനും തീരത്തേക്ക് അടുപ്പിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനായി അവ സുരക്ഷിതമായ അകലത്തിൽ മാത്രം കെട്ടിയിടാൻ ബോട്ട് ഉടമകൾ ശ്രദ്ധിക്കണം. കവറത്തി ദുരന്തനിവാരണ അതോറിറ്റി അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ആൻഡ് സി.ഇ.ഒ ജഗ്ദീഷ് ശർമ്മയാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പുറപ്പെടുവിച്ചത്. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ ഡെപ്യൂട്ടി കളക്ടർമാർക്കും ബ്ലോക്ക് വികസന ഓഫീസർമാർക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
















