
കവരത്തി: നിലവിലുള്ള ആശുപത്രി ദൂരസ്ഥലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി എൻ.സി.പി (എസ്.പി) നേതൃത്വം മെഡിക്കൽ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി, കവരത്തി യൂണിറ്റ്, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി) സ്റ്റേറ്റ്, കവരത്തി യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ഡയറക്ടറെ നേരിട്ടുകണ്ട് നിവേദനം സമർപ്പിച്ചത്.
ആശുപത്രി നിലവിലുള്ള സ്ഥലത്തിന് സമീപത്തുതന്നെ നിലനിർത്താനോ അല്ലെങ്കിൽ തൊട്ടടുത്ത പ്രദേശങ്ങളിൽ സൗകര്യമൊരുക്കാനോ ഭരണകൂടം തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നിലവിലെ സ്ഥാനത്ത് നിന്ന് വളരെ അകലെയേക്ക് ആശുപത്രി മാറ്റുന്നത് സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ സൗകര്യങ്ങളെ പ്രതികൂലമായി ബാധിക്കും. ഇത്തരം ജനവിരുദ്ധ നടപടികളിൽ നിന്ന് അധികൃതർ അടിയന്തരമായി പിന്തിരിയണമെന്ന് നിവേദനസംഘം വ്യക്തമാക്കി.
ദ്വീപുവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനും ചികിത്സാ സൗകര്യങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും, ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന ഒരു നീക്കവും അംഗീകരിക്കില്ലെന്നും എൻ.സി.പി (എസ്.പി) പാർട്ടി നേതൃത്വം അറിയിച്ചു. ജനങ്ങളുടെ ആശങ്കകൾ പൂർണ്ണമായും പരിഗണിച്ച്, ഇപ്പോഴത്തെ ആശുപത്രി പരിസരത്ത് തന്നെ തുടർ ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ചർച്ചയിൽ പ്രധാനമായും ആവശ്യപ്പെട്ടത്.
എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. കോയ അറഫാ മിറാജ്, കവരത്തി യൂണിറ്റ് പ്രസിഡന്റ് സലീം സി., സെക്രട്ടറി റിയാസ്, ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറിമാരായ മുഹമ്മദ് നിസാമുദ്ധീൻ, ഷാജഹാൻ, എൻ.വൈ.സി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഫ്സർ, നൈഫ്, സെക്രട്ടറി ജുനൈദ് എന്നിവരുൾപ്പെട്ട പ്രതിനിധി സംഘമാണ് മെഡിക്കൽ ഡയറക്ടറെ സന്ദർശിച്ചത്.
















