
കിൽത്താൻ: ലക്ഷദ്വീപിന്റെ സാംസ്കാരികവും മതപരവുമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ സൂഫിവര്യൻ അശ്ശൈഖ് ഗുലാം മുഹമ്മദ് അഹമ്മദ് നഖ്ശബന്ദിയുടെ (ഖ.സ.) 149-ാമത് ഉറൂസിന് തുടക്കമായി. ‘കിളുത്തനിലെ തങ്ങൾ’ എന്ന് ജനങ്ങൾ ആദരവോടെ വിളിക്കുന്ന അദ്ദേഹത്തിന്റെ ഉറൂസുമായി ബന്ധപ്പെട്ട പരിപാടികൾ കിൽത്താൻ, അമിനി ദ്വീപുകളിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്. ദ്വീപിന്റെ സാഹിത്യ, സാമൂഹിക പരിഷ്കരണ മേഖലകളിൽ വഴിത്തിരിവുണ്ടാക്കിയ ആത്മീയ നേതാവായിരുന്നു അദ്ദേഹം.
ഇന്ന് സുബ്ഹ് നിസ്കാരത്തിനുശേഷം കിൽത്താനിലെ കവരോരപ്പള്ളി, പുതിയ പള്ളി എന്നിവിടങ്ങളിൽ നടന്ന വിശുദ്ധ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്. ഉച്ചയ്ക്ക് ശേഷം തിങ്ങിനിറഞ്ഞ വിശ്വാസികൾക്കായി ആദ്യഘട്ട ഭക്ഷണ വിതരണം നടക്കും. തുടർന്ന് രാത്രിയിൽ നടക്കുന്ന മൗലൂദ് ആലാപനത്തിനും പ്രത്യേക പ്രാർത്ഥനകൾക്കും ശേഷം അർദ്ധരാത്രിയോടെ രണ്ടാമത്തെ ഭക്ഷണ വിതരണവും പൂർത്തിയാകും. കൂടാതെ, വരും ദിവസങ്ങളിൽ വീടുകൾ തോറും അദ്ദേഹത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ‘ഹഖീഖത്ത് മാല’ പാരായണവും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്.
ഉപരിപഠനത്തിനായി മലബാറിലെ പ്രശസ്തമായ പൊന്നാനി ദർസിലും മമ്പുറം സയ്യിദ് അലവി തങ്ങളുടെ കീഴിലും വർഷങ്ങളോളം ചെലവഴിച്ച ശേഷമാണ് അദ്ദേഹം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയത്. വടക്കേ മലബാറിലെ ശൈഖ് നൂഞ്ഞേരി കുഞ്ഞഹമ്മദ് ഇബ്നു സൂഫിയിൽ നിന്ന് നഖ്ശബന്ദി ധാരയുടെ ഇജാസത്ത് സ്വീകരിച്ച അദ്ദേഹം, സാമൂഹിക അനാചാരങ്ങൾക്കെതിരെ കവിതകളിലൂടെയും പ്രസംഗങ്ങളിലൂടെയും നിരന്തരം പോരാടി. അമിനിയിലെ പ്രധാന പള്ളിയുടെ പുനരുദ്ധാരണത്തിലടക്കം പങ്കാളിയായ അദ്ദേഹം തീവ്രമായ ആത്മീയ സൂക്ഷ്മത പുലർത്തിയ വ്യക്തിത്വമായിരുന്നു.
ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ‘കോലസ്സിരിമാല’, ‘ശരത മാല’ തുടങ്ങിയ കാവ്യഗ്രന്ഥങ്ങളും ദ്വീപുകളുടെ ഭൂമിശാസ്ത്ര-ജനസംഖ്യാ വിവരങ്ങൾ അടങ്ങിയ അപൂർവ്വ കുറിപ്പുകളും രചിച്ചിട്ടുണ്ട്. ഹിജ്റ 1299-ൽ അമിനിയിൽ വെച്ച് വേർപിരിഞ്ഞ അദ്ദേഹത്തിന്റെ ഭൗതികശരീരം അമിനി ജുമാ മസ്ജിദ് മഖ്ബറയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ദ്വീപു സമൂഹത്തിന് അറിവിന്റെ വെളിച്ചം പകർന്നുനൽകിയ അഹ്മദ് നഖ്ശബന്തി തങ്ങളുടെ അനുസ്മരണം പുതിയ തലമുറയ്ക്ക് തങ്ങളുടെ സാംസ്കാരിക വേരുകളിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്.
















