
കൊച്ചി: ലക്ഷദ്വീപിലെ ഏറെ വിവാദപരമായ പണ്ടാരം ഭൂമി വിഷയത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഹൈക്കോടതിയിൽ നിന്നും വൻ തിരിച്ചടി. പണ്ടാരം ഭൂമിയിൽ കവിൽദാർമാർക്ക് പൂർണ്ണമായ അവകാശമുണ്ടെന്നും, ഹർജിക്കാർ കോടതിയിൽ ഉന്നയിച്ച ഏതാണ്ട് മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമായി ഉത്തരവിട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ ഇതുവരെ വന്നിട്ടുള്ള കൈമാറ്റങ്ങളും മാറ്റങ്ങളും പൂർണ്ണമായും ക്രമവത്കരിച്ച് ആറു മാസത്തിനകം ഉത്തരവിറക്കാൻ അഡ്മിനിസ്ട്രേഷന് കോടതി കർശന നിർദ്ദേശം നൽകി.
ബഹുമാനപ്പെട്ട ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. ലക്ഷദ്വീപിലെ ജനങ്ങൾ കൈവശം വച്ചിരിക്കുന്ന പണ്ടാരം ഭൂമി സർക്കാറിന്റേതാണെന്നും അവിടെയുള്ളവരെ ഒഴിപ്പിക്കാമെന്നുമുള്ള അഡ്മിനിസ്ട്രേഷന്റെ നിലപാടിനെ ചോദ്യം ചെയ്താണ് കൈവശക്കാരായ ദ്വീപുനിവാസികൾ ഹൈക്കോടതിയെ സമീപിച്ചത്. മുഹമ്മദ് കോയ കെ (WP(C) 38565/2023), ഫാത്തിമ പി.പി (WP(C) 38747/2023) തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
ഹർജിക്കാർക്കായി അഡ്വ. അജിത് അഞ്ചലേക്കർ, അഡ്വ. കോയ അറഫാ മിറാജ്, അഡ്വ. സഞ്ജയ് സെല്ലൻ, അഡ്വ. നസ്രീൻ ബാനു, അഡ്വ. റിൽജിൻ വി. ജോർജ്ജ്, അഡ്വ. കെ.എം. ഫിറോസ്, അഡ്വ. ആഷിഖ് അക്തർ ഹാജിഗൊതി, അഡ്വ. സയ്യിദ് മുഹമ്മദ് നിലാമുദ്ദീൻ എം., അഡ്വ. ഇ.സി. അഹമ്മദ് ഫാസിൽ, അഡ്വ. പി.സി. മുഹമ്മദ് നൗഷിഖ്, അഡ്വ. അബ്ദുൽ ഹാദി എം.പി., അഡ്വ. ജഹാന ഷെറിൻ കെ., അഡ്വ. എ. അൽ ഫയാദ്, അഡ്വ. എ.ബി.എം. ഹംദുള്ള സയീദ്, അഡ്വ. കെ.ടി. രവീന്ദ്രൻ, അഡ്വ. അക്ഷര കെ.പി., അഡ്വ. ലാൽ കെ. ജോസഫ്, അഡ്വ. പി.കെ. സലീം, അഡ്വ. പി. മുരളീധരൻ (തുറവൂർ), അഡ്വ. ടി.എ. ലക്സി, അഡ്വ. സുരേഷ് സുകുമാർ, അഡ്വ. അൻസിൽ സലീം, അഡ്വ. ബാബു കറുക്കപ്പാടത്ത്, അഡ്വ. പീറ്റർ സി. എബ്രഹാം തുടങ്ങിയ പ്രമുഖ അഭിഭാഷകരുടെ സംഘം ഹൈക്കോടതിയിൽ ഹാജരായി ശക്തമായ വാദങ്ങൾ ഉന്നയിച്ചു.
1965-ലെ ലാൻഡ് റവന്യൂ ആന്റ് ടെനൻസി റഗുലേഷൻ പ്രകാരം കവിൽദാർമാർക്ക് സ്ഥിരവും പാരമ്പര്യമായി കൈമാറ്റം ചെയ്യാവുന്നതുമായ പൂർണ്ണ ഉടമസ്ഥാവകാശമുണ്ടെന്ന 1985-ലെ കേന്ദ്ര ഉത്തരവ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്ന്, ദ്വീപുനിവാസികളെ നിർബന്ധപൂർവ്വം ഒഴിപ്പിക്കുന്ന നടപടികൾ തടഞ്ഞ കോടതി, ഹർജിക്കാരുടെ ഏതാണ്ട് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് മുൻകാലങ്ങളിലെ ഭൂമി കൈമാറ്റങ്ങൾ ക്രമവത്കരിച്ച് നൽകാൻ അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെടുകയായിരുന്നു.
കേസിലെ വിശദമായ വിധിന്യായം വൈകാതെ തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതിയുടെ അന്തിമ ഉത്തരവിന്റെ പൂർണ്ണരൂപം ലഭ്യമാകുന്നതോടെ, ഏകാധിപത്യ തീരുമാനങ്ങളിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഹൈക്കോടതിയിൽ നിന്നും എത്രത്തോളം വലിയ പ്രഹരമാണ് ലഭിച്ചതെന്ന് കൂടുതൽ വ്യക്തമാകും.
















