
കവരത്തി: ലക്ഷദ്വീപിലെ പ്രാദേശിക വിഷയങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിനായി ലക്ഷദ്വീപ് പീപ്പിൾസ് മൂവ്മെന്റ് (LPM) എന്ന പേരിൽ പുതിയ സംഘടന രൂപീകൃതമാകുന്നു. ദ്വീപിൽ പൂർണ്ണ ജനാധിപത്യ ഭരണസംവിധാനം സ്ഥാപിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ രംഗത്തുവരുന്നത്. പൂർണ്ണ ജനാധിപത്യം പുലരുന്നതുവരെ ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പുകളിലും മത്സരിക്കില്ലെന്നും, തെരഞ്ഞെടുപ്പുകൾ മൂലം ജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന വിഭാഗീയതയെ ശക്തമായി എതിർക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. കൂടാതെ, ലക്ഷദ്വീപിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റ് അംഗത്തിന് ദ്വീപിലെ ആഭ്യന്തര കാര്യങ്ങളിൽ നേരിട്ട് ഇടപെടാനുള്ള അധികാരമില്ലെന്ന യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ സംഘടന മുന്നിട്ടിറങ്ങും.

നാട്, ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ‘ഐക്യ ലക്ഷദ്വീപിനായി’ ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മൂലമന്ത്രം. ശ്രീ. മഹദാ ഹുസൈൻ സെക്രട്ടറിയായും, ശ്രീ. സാബിത്ത് കടമത്ത് ജോയിന്റ് സെക്രട്ടറിയായും ചുമതലയേൽക്കുന്ന സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്ന് ഭാരവാഹികൾ ‘ദ്വീപ് മലയാളി’യെ അറിയിച്ചു.
















