കവരത്തി: “എന്നെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മാറ്റാൻ നോക്കേണ്ട, പരാതി നൽകിയാൽ എംപി സ്ഥാനവും വലിച്ചെറിഞ്ഞ് ഞാൻ പോകും” എന്ന് വ്യക്തമാക്കുന്ന ലക്ഷദ്വീപ് എം.പിയും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി (LTCC) പ്രസിഡന്റുമായ അഡ്വ. ഹംദുള്ളാ സഈദിന്റെ വിവാദ വാട്സ്ആപ്പ് വോയ്‌സ് ക്ലിപ്പ് പുറത്തായതോടെ ദ്വീപ് കോൺഗ്രസിലെ ഉൾപ്പാർട്ടി പൊട്ടിത്തെറി മറ നീക്കി പുറത്തു വന്നു. ഒരേസമയം എം.പി സ്ഥാനവും പാർട്ടി അധ്യക്ഷ പദവിയും ഹംദുള്ളാ സഈദ് തന്നെ കൈയാളുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ ശക്തമായ അമർഷം നിലനിന്നിരുന്നു. ഇതിനിടെ, പദവി ഒഴിഞ്ഞു തരണമെന്ന് വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ട സബീത് എന്ന പാർട്ടി പ്രവർത്തകന് ഹംദുള്ളാ നൽകിയ കടുത്ത ഭാഷയിലുള്ള മറുപടിയാണ് ഇപ്പോൾ ദ്വീപ് രാഷ്ട്രീയത്തിൽ വൻ ചർച്ചയായി മാറിയിരിക്കുന്നത്. തന്നെ പാർട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാൻ ഹൈക്കമാൻഡിന് പരാതി നൽകുമെന്ന് പറഞ്ഞ പ്രവർത്തകനോട്, പരാതി നൽകി എന്നെ മാറ്റാൻ കഴിയുമെങ്കിൽ അത് കാണട്ടെയെന്നാണ് ഹംദുള്ളാ സഈദ് വെല്ലുവിളിക്കുന്നത്. താൻ ഭാര്യയെയും മക്കളെയും നോക്കുന്നത് എം.പി പദവി കൊണ്ടോ എൽടിസിസി പ്രസിഡന്റ് പദവി കൊണ്ടോ അല്ലെന്നും, വേണമെങ്കിൽ എം.പി സ്ഥാനം വരെ ഉപേക്ഷിക്കാൻ താൻ തയ്യാറാണെന്നും ഹംദുള്ളാ പ്രകോപിതനായി വോയ്‌സ് ക്ലിപ്പിൽ വ്യക്തമാക്കുന്നുണ്ട്. എംപി സ്ഥാനത്തിനായി ആരുടെയും കാൽക്കൽ വന്ന് വീഴാൻ തന്നെ കിട്ടില്ലെന്നും, മാറ്റാൻ സാധിക്കുമെങ്കിൽ മാറ്റി കാണിക്കൂ എന്നും അദ്ദേഹം പ്രവർത്തകനോട് വോയിസ് ക്ലിപ് വഴി ആക്രോശിക്കുന്നു.

ലക്ഷദ്വീപിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പതിറ്റാണ്ടുകളോളം കോൺഗ്രസിന്റെ മുഖമായിരുന്ന മുൻ കേന്ദ്ര ഊർജ്ജ മന്ത്രിയും പത്ത് തവണ എംപിയുമായിരുന്ന പി. എം. സഈദിന്റെ നിര്യാണത്തെത്തുടർന്നാണ് മകൻ അഡ്വ. ഹംദുള്ളാ സഈദ് രാഷ്ട്രീയത്തിലേക്ക് സജീവമായി കടന്നുവരുന്നത്. പി. എം. സഈദിന്റെ വിയോഗത്തിന് ശേഷം 2009-ലെ പൊതുതിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസിനുള്ളിൽ സീറ്റിനായി വിവിധ ഗ്രൂപ്പുകൾ അവകാശവാദമുന്നയിച്ചിരുന്നു. ഈ ഘട്ടത്തിൽ പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ ഒഴിവാക്കാനും ഐക്യം നിലനിർത്താനും ലക്ഷ്യമിട്ടാണ് ഹൈക്കമാൻഡ് യുവനേതാവായ ഹംദുള്ളാ സഈദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം ഉജ്ജ്വല വിജയം നേടുകയും 2014 വരെ ലക്ഷദ്വീപിനെ പ്രതിനിധീകരിക്കുകയും ചെയ്തു. എന്നാൽ 2014-ലും തുടർന്ന് 2019-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ എൻസിപി സ്ഥാനാർത്ഥിയായ പി. പി. മുഹമ്മദ് ഫൈസലിനോട് ഹംദുള്ളാ സഈദ് പരാജയപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ലക്ഷദ്വീപ് കോൺഗ്രസിന്റെ അമരക്കാരനായി (LTCC പ്രസിഡന്റ്) അദ്ദേഹം ചുമതലയേറ്റു.

Advertisement

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഹമ്മദ് ഫൈസലിനെ പരാജയപ്പെടുത്തി ഹംദുള്ളാ സഈദ് വീണ്ടും ലക്ഷദ്വീപിന്റെ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം ലക്ഷദ്വീപ് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞേക്കുമെന്നും, സീനിയർ നേതാക്കളിൽ ആർക്കെങ്കിലും ഈ ചുമതല കൈമാറുമെന്നുമാണ് കോൺഗ്രസ് പ്രവർത്തകരും പ്രാദേശിക നേതൃത്വവും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒരേസമയം എംപി പദവിയും എൽടിസിസി പ്രസിഡന്റ് സ്ഥാനവും ഒരുപോലെ ഹംദുള്ളാ തന്നെ കൊണ്ടുപോകുന്നതിൽ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് വിയോജിപ്പുണ്ടായിരുന്നു. ഈ അസംതൃപ്തിയാണ് ഇപ്പോൾ ഒരു സാധാരണ പ്രവർത്തകന്റെ വാട്സ്ആപ്പ് സന്ദേശത്തിലൂടെയും അതിന് എംപി നൽകിയ വിവാദ ശബ്ദരേഖയിലൂടെയും പരസ്യമായി പുറത്തുവന്നിരിക്കുന്നത്. ഔദ്യോഗിക പദവികളെയും പാർട്ടി ഹൈക്കമാൻഡിനെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള ഹംദുള്ളാ സഈദിന്റെ പ്രതികരണം ലക്ഷദ്വീപ് കോൺഗ്രസിനെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here