
ആന്ത്രോത്ത്: പ്രതിദിനം പത്ത് മണിക്കൂറോളം നീണ്ടുനിൽക്കുന്ന രൂക്ഷമായ ലോഡ്ഷെഡിംഗ് ജനജീവിതത്തെ സാരമായി ബാധിക്കുന്നു. നിലവിലുള്ള ജനറേറ്ററിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈദ്യുതി തടസ്സം മൂലം രോഗികൾ, വയോധികർ, കുട്ടികൾ എന്നിവർ കടുത്ത പ്രയാസമാണ് നേരിടുന്നത്. കൂടാതെ ആശുപത്രികളുടെ പ്രവർത്തനം, വീട്ടുജോലികൾ, വ്യാപാര സ്ഥാപനങ്ങൾ, കുടിവെള്ള വിതരണം എന്നിവയും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ, ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി പുതിയ മെഷീൻ സ്ഥാപിക്കണമെന്നും, അതുവരെ താൽക്കാലിക ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ.എം ആന്ത്രോത്ത് ബ്രാഞ്ച് കമ്മിറ്റി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നൽകി. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
















