
കടമത്ത്: ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കവരത്തി മൾട്ടി പർപ്പസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് ഡയറക്ടർ എം. ഭരണി യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ സഹായത്തോടെ കവരത്തി പുഷ്പ ഓർഗനൈസേഷൻ, തൃശൂരിലെ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെൻ്റർ, കടമത്ത് കൃഫാ ചാരിറ്റബിൾ സൊസൈറ്റി, എസ്.ബി.ഐ കവരത്തി ബ്രാഞ്ച് എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് കടമത്തിലെ ഈ ആദ്യ ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കിയത്.

ഒരേസമയം മൂന്ന് രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കുന്ന ഈ കേന്ദ്രം ദ്വീപുവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം. ഭരണി പറഞ്ഞു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ചികിത്സയ്ക്കായി മറ്റ് ദ്വീപുകളെ ആശ്രയിക്കേണ്ടി വരുന്ന രോഗികൾക്ക് സ്വന്തം ദ്വീപിൽ തന്നെ ചികിത്സ ലഭ്യമാക്കുന്നത് വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കവരത്തി പുഷ്പ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ലക്ഷദ്വീപിൽ സ്ഥാപിക്കുന്ന മൂന്നാമത്തെ ഡയാലിസിസ് യൂണിറ്റാണിത്. നേരത്തെ 2013-ൽ കവരത്തിയിലും 2018-ൽ അഗത്തിയിലും ഇത്തരം യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ചടങ്ങിൽ പുഷ്പ വൈസ് ചെയർമാൻ എം.ഐ. സലീം, സെക്രട്ടറി പി. മുഹസിൻ, ഡോ. ഹസീന ബീഗം, ഡോ. നിഷാദ്, എസ്.ബി.ഐ മാനേജർ റമീസ് ഷേക്ക്, ലീഗൽ അഡ്വൈസർ പി.കെ. സലിം, കൃഫാ വൈസ് ചെയർമാൻ സാദിഖലി, ടി. മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു.
















