
കവരത്തി: കവരത്തി ഗവൺമെന്റ് ഐ.ടി.ഐയിലെ മറൈൻ എൻജിൻ ഫിറ്റർ (2025-26 ബാച്ച്) വിദ്യാർത്ഥികൾ തങ്ങളുടെ ഇൻ്റേൺഷിപ്പിന്റെ ഭാഗമായി കടലിൽ മത്സ്യങ്ങളെ ആകർഷിക്കുന്നതിനുള്ള ഫിഷ് അഗ്രഗേറ്റിംഗ് ഡിവൈസ് (FAD) വിജയകരമായി വിന്യസിച്ചു. ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിന്റെ കപ്പലിലും മറൈൻ എൻജിൻ വർക്ക്ഷോപ്പിലുമായി നടന്ന നിർബന്ധിത പരിശീലനത്തിന്റെ ഭാഗമായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.

കവരത്തിയുടെ സമുദ്രാതിർത്തിയിൽ നടന്ന ഈ ഉദ്യമത്തിൽ, കപ്പലിലെ മറൈൻ എൻജിനുകളുടെ പ്രവർത്തനം നേരിട്ട് കണ്ടു മനസ്സിലാക്കാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. എം.എഫ്.വി ബ്ലൂഫിനിലെ ബോസൺ ശ്രീ മുഹമ്മദ് യാസിമിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഈ പ്രായോഗിക പാഠങ്ങൾ അഭ്യസിച്ചത്. വർക്ക്ഷോപ്പിലെ പരിചയസമ്പന്നരായ മെക്കാനിക്കുകൾ വിദ്യാർത്ഥികൾക്ക് എൻജിൻ അറ്റകുറ്റപ്പണികളിൽ വിദഗ്ദ്ധ പരിശീലനം നൽകി.
വിദ്യാർത്ഥികൾക്ക് ഇത്തരമൊരു മികച്ച അവസരം ഒരുക്കി നൽകിയ ഫിഷറീസ് ഡയറക്ടർ മിസ്റ്റർ മുകുന്ദ് വല്ലഭ് ജോഷി, അസിസ്റ്റന്റ് ഡയറക്ടർ മിസ്റ്റർ ജാഫർ ഹിഷാം, ഐ.ടി.ഐ പ്രിൻസിപ്പൽ ഇൻ-ചാർജ് ശ്രീ മുഹമ്മദ് ആസിഫ് എന്നിവർക്ക് വിദ്യാർത്ഥികൾ നന്ദി രേഖപ്പെടുത്തി. പ്രായോഗിക അറിവ് വർദ്ധിപ്പിക്കുന്നതിൽ ഇത്തരം പരിശീലനങ്ങൾ ഏറെ സഹായകരമാണെന്ന് 2025-26 ബാച്ച് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
















