കോഴിക്കോട്: ലക്ഷദ്വീപിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ നേതാവായ ഡോ കെ.കെ മുഹമ്മദ് കോയയുടെ സഹധർമ്മിണി കുഞ്ഞിപ്പാപ്പാട ബി ഉമ്മ കോഴിക്കോട് വെച്ച് നിര്യാതയായി. ദീർഘ കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഒരു പുരുഷായുസ്സ് മുഴുവൻ നാടിനും നാട്ടുകാർക്കും വേണ്ടി ജീവിച്ച മഹാമനീഷിയായിരുന്ന ഡോ.ബംബന് താങ്ങും തണലുമായി കൂടെ നിന്ന ബി ഉമ്മ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ബംബന്റെ കരുത്തായി നിലകൊണ്ടു. വീട്ടിൽ കയറിവരുന്ന എല്ലാവരെയും അവരുടെ മനസ്സ് നിറയുന്നത് വരെ സൽക്കരിക്കുന്ന പതിവായിരുന്നു ബി ഉമ്മാക്ക്. രാഷ്ട്രീയ ഭേദമന്യേ ലക്ഷദ്വീപിലെ എല്ലാവരും ആ സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങിയവരാണ്.

ബംബന്റെ രാഷ്ട്രീയ ജീവിതത്തിലെ പരാജയങ്ങളുടെ ഘട്ടങ്ങളിലെല്ലാം ആ കുടുംബത്തിന് വലിയ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ബംബന്റെ മരണത്തിന് ശേഷം ദീർഘകാലം കഴിഞ്ഞും ചില വെറുപ്പിൻ്റെ വക്താക്കൾ ആ കുടുംബത്തിനെ വേദനിപ്പിച്ചിട്ടുണ്ട്. ആ അനുഭവങ്ങൾ ബംബന്റെ മകൾ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പറയുകയുമുണ്ടായി. എന്നാൽ അധിക്ഷേപങ്ങൾ ചൊരിഞ്ഞവരൊട് പോലും സ്നേഹം കൊണ്ട് മറുപടി പറയുകയാണ് ആ കുടുംബം എല്ലാ കാലത്തും ചെയ്തിട്ടുള്ളത്. ലക്ഷദ്വീപിന്റെ ഓരോ തുടിപ്പുകളിലും ജനങ്ങൾ വിതുമ്പലോടെ മാത്രം ഓർമ്മിക്കുന്ന ബംബനും അവിടുത്തെ പ്രിയതമ ബി ഉമ്മയും ആ കുടുംബത്തിന് പകർന്നു നൽകിയ ഉന്നതമായ സാഹോദര്യത്തിൻ്റെയും പരസ്പര സ്നേഹത്തിന്റെയും മാതൃകയാണ് ആ മക്കൾ എല്ലാവരോടും എന്നും കാണിച്ചിട്ടുള്ളത്.

മാനസികമായി ഒരുപാട് വേദനകൾ സഹിച്ചു എന്നതിന് പുറമെ ശാരീരികമായും ദീർഘ കാലമായി പലവിധ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു ബി ഉമ്മ. 2001 ജൂൺ 30-നാണ് ഡോ ബംബൻ ഈ ലോകത്തോട് വിട പറയുന്നത്. ആ വേർപാട് ലക്ഷദ്വീപുകാരായ ഓരോരുത്തർക്കും ഉണ്ടാക്കിയ മാനസിക വ്യഥ ചെറുതല്ല. ആ വിയോഗത്തിന് ശേഷം 2002 കാലഘട്ടത്തിൽ ബി ഉമ്മാക്ക് ഹിസ്ട്രക്ടമി എന്ന അസുഖം പിടിപെടുന്നു. 2011 മുതൽ അർബുദ രോഗബാധിതയായി കീമോയും റേഡിയേഷനുമുൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയയാവുന്നു. രണ്ടു വർഷം പിന്നിടുമ്പോൾ സ്ട്രോക്ക് വരുന്നു. തുടർന്ന് ഹൃദ്രോഗം ഉൾപ്പെടെ ബംബന്റെ മരണശേഷം ജീവിതത്തിലെ വലിയ ഒരു കാലഘട്ടം പലവിധ രോഗങ്ങൾക്ക് ചികിത്സ തേടി. എന്നാൽ ഒരു ഘട്ടത്തിൽ പോലും ലക്ഷദ്വീപിന്റെ വിപ്ലവ സൂര്യനായ ഡോ ബംബന്റെ സഹധർമ്മിണി തളർന്നു പോയില്ല. എല്ലാ രോഗങ്ങളോടും പോരാടി നിന്നു. എന്നും താങ്ങായി ഡോ മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ള മക്കളും പേരമക്കളും ബി ഉമ്മയുടെ കൂടെയുണ്ടായിരുന്നു. അവിടുത്തെ പാരത്രിക ജീവിതം സന്തോഷകരമാവട്ടെ എന്ന് പ്രാർത്ഥനയോടെ…

LEAVE A REPLY

Please enter your comment!
Please enter your name here