കവരത്തി: ലക്ഷദ്വീപ് പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തായ്‌ലാന്റ്, മ്യാൻമർ തീരങ്ങൾക്ക് സമീപമുള്ള തായ്‌ലാന്റ് ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ഉപരിതല ചക്രവാതച്ചുഴി ഇന്ന് (ഒക്ടോബർ 21) വടക്കൻ അന്തമാൻ കടലിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താൽ ഒക്ടോബർ 23-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തുള്ള മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് കാലാവസ്ഥാ വ്യതിയാനം പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു.

​ഒക്ടോബർ 21 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മഴയുടെ വ്യാപ്തി കണക്കിലെടുത്ത് ഒക്ടോബർ 21, 22 തീയതികളിലും ഒക്ടോബർ 25-നും യെല്ലോ അലർട്ടും, ഒക്ടോബർ 23, 24 തീയതികളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒക്ടോബർ 21 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

​പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ദ്വീപ് നിവാസികൾക്കായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ഡി.ഡി.എം.എ സി.ഇ.ഒയുമായ ജഗ്ദീഷ് ശർമ്മ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മുന്നറിയിപ്പ് കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടൽക്ഷോഭമുള്ള സമയങ്ങളിൽ വിനോദസഞ്ചാര-വിനോദ പരിപാടികൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഇടിമിന്നൽ ഉള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാനോ മരങ്ങളുടെ ചുവട്ടിൽ അഭയം പ്രാപിക്കാനോ വാഹനം പാർക്ക് ചെയ്യാനോ പാടില്ല. മിന്നൽ അനുഭവപ്പെടുമ്പോൾ ജനങ്ങൾ ഉടൻ തന്നെ വീടുകൾക്കുള്ളിലേക്ക് മാറണമെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും നിർദ്ദേശിക്കുന്നു. കൂടാതെ, ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യാനും ഇടിമിന്നലുള്ള സമയങ്ങളിൽ നീന്തൽ, ബോട്ടിംഗ് എന്നിവ പൂർണ്ണമായും ഒഴിവാക്കാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here