
മിനിക്കോയ്: അറബിക്കടലിൽ ഇന്ന് രാവിലെ ശക്തമായ ഭൂചലനം. നിലവിൽ സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സമയം 11:04-ഓടെയാണ് റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ലക്ഷദ്വീപിലെ മിനിക്കോയി തീരത്തുനിന്നും ഏകദേശം 1400 കിലോമീറ്റർ പടിഞ്ഞാറ് മാറി സമുദ്രത്തിന്റെ ഉൾഭാഗത്താണ് ഇതിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്. കടൽനിരപ്പിൽ നിന്ന് 36 കിലോമീറ്റർ ആഴത്തിലാണ് ചലനം ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഭൂചലനം സാമാന്യം വലിയ തോതിലുള്ളതായിരുന്നുവെങ്കിലും ജനവാസ മേഖലകളിൽ നിന്നും തീരങ്ങളിൽ നിന്നും ഏറെ അകലെയായതിനാൽ നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകൾ ഒന്നും തന്നെ നിലവിലില്ലാത്തതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. കാലാവസ്ഥാ വകുപ്പും മറ്റ് ബന്ധപ്പെട്ട ഏജൻസികളും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
















