
അഗത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അഗത്തി ദ്വീപിലെ വിവാദ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ അഗത്തിയിൽ പ്രതിഷേധം ശക്തമാകുന്നു. ദ്വീപിന്റെ സുപ്രധാന ഭാഗങ്ങൾ വിനോദസഞ്ചാര ആവശ്യങ്ങൾക്കും വിമാനത്താവള വികസനത്തിനുമായി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ആയിരത്തിലധികം ദ്വീപ് നിവാസികൾ ഒപ്പിട്ട നിവേദനം അധികൃതർക്ക് സമർപ്പിച്ചു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST), ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC), കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം എന്നിവർക്കാണ് നാട്ടുകാർ സംയുക്തമായി ഈ പരാതി നൽകിയിരിക്കുന്നത്. ദ്വീപ് നിവാസികളുടെ സമാധാനപരമായ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്നതാണ് ഈ നടപടിയെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു.

അഗത്തി ദ്വീപിന്റെ തെക്കുഭാഗത്ത് വിമാനത്താവള വികസനത്തിനും ടൂറിസം പദ്ധതികൾക്കുമായി വലിയ തോതിൽ ഭൂമി ഏറ്റെടുക്കാനുള്ള അസാധാരണ വിജ്ഞാപനം ഭരണകൂടം അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. ഏകദേശം 1,01,020 ചതുരശ്ര മീറ്റർ ഭൂമി ഏറ്റെടുക്കാനുള്ള നിർദ്ദേശത്തിൽ ഗ്രാമസഭയുടെയോ ഭൂവുടമകളുടെയോ അനുമതി ആവശ്യമില്ലെന്ന് ഭരണകൂടം രേഖപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം (RFCTLARR Act) ആദിവാസി ഭൂമി ഏറ്റെടുക്കുമ്പോൾ പഞ്ചായത്തിന്റെയും ഉടമസ്ഥരുടെയും അനുമതി വേണമെന്നിരിക്കെ, ഈ ചട്ടങ്ങൾ ഭരണകൂടം ലംഘിക്കുകയാണെന്ന് നിവേദകർ ആരോപിക്കുന്നു. പരിസ്ഥിതിലോലമായ പവിഴദ്വീപുകളിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് 12 മീറ്റർ വീതിയുള്ള കോൺക്രീറ്റ് റോഡുകൾ നിർമ്മിക്കാനുള്ള നീക്കം പ്രകൃതിഭംഗിയെ നശിപ്പിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഭൂമിശാസ്ത്രപരമായി വളരെ ചെറിയ ദ്വീപായ അഗത്തിയിൽ ജനസംഖ്യാ സാന്ദ്രത കൂടുതലാണെന്നും ശരാശരി ഭൂവുടമസ്ഥത രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ അളവിലാണെന്നും നിവേദനത്തിൽ പറയുന്നു. വിമാനത്താവള വികസനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി 1956 മുതൽ വലിയ തോതിൽ ഭൂമി വിട്ടുനൽകിയ ചരിത്രം നാട്ടുകാർക്കുണ്ട്. എന്നാൽ വിനോദസഞ്ചാര വികസനത്തിന്റെ മറവിൽ തദ്ദേശവാസികളുടെ ഭൂമി തട്ടിയെടുത്ത് വൻകിടക്കാർക്ക് നൽകാനുള്ള നീക്കം തങ്ങളുടെ വരുമാന മാർഗങ്ങളെയും പരമ്പരാഗത ജീവിതത്തെയും തകർക്കുമെന്ന് അവർ ആശങ്കപ്പെടുന്നു. പ്രാദേശിക വിനോദസഞ്ചാര സംരംഭകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ വലിയ ഗ്രൂപ്പുകൾക്ക് ഇളവുകൾ നൽകുന്ന ഭരണകൂടത്തിന്റെ വിവേചനപരമായ നിലപാടിനെയും നിവേദനം രൂക്ഷമായി വിമർശിക്കുന്നു.
















