ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോട അനുബന്ധിച്ച് പാർലമെൻ്റിൽ നടന്ന ചടങ്ങിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് സംസാരിച്ച വിദ്യാർത്ഥിനിയുടെ പ്രസംഗം ശ്രദ്ധേയമായി. ലോക്‌സഭാ സെക്രട്ടേറിയറ്റിന് കീഴിലുള്ള പാർലമെന്ററി റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസീസ് (PRIDE) സംഘടിപ്പിച്ച ‘നോ യുവർ ലീഡർ’ (Know Your Leader) എന്ന യുവജന അഭിമുഖ്യ പരിപാടിയുടെ ഭാഗമായാണ് കടമത്ത് ഗവൺമെന്റ് കോളേജ് ഓഫ് എജ്യുക്കേഷൻ വിദ്യാർത്ഥിനിയായ റിൻസിയ ഷെയ്ക്ക് സി.എൻ പാർലമെന്റിലെത്തി വാജ്‌പേയിയെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.

​വാജ്‌പേയിയുടെ ജീവിതം പുസ്തകത്താളുകളിൽ ഒതുങ്ങുന്ന വെറുമൊരു കഥയല്ലെന്നും, മറിച്ച് അത് ഇന്ത്യയുടെ മനസാക്ഷിയാണെന്നും റിൻസിയ തൻ്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഗ്വാളിയോറിലെ ഒരു സാധാരണ വസതിയിൽ തുടങ്ങി, ശബ്ദമില്ലാത്ത ജനതയ്ക്ക് ശബ്ദമായി മാറിയ വാജ്‌പേയിയുടെ രാഷ്ട്രീയ ജീവിതത്തെ അവർ വികാരനിർഭരമായി അവതരിപ്പിച്ചു. പോഖ്‌റാനിലെ ആണവ പരീക്ഷണത്തിലൂടെ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചതും, കാർഗിൽ യുദ്ധസമയത്ത് രാജ്യത്തിന് നൽകിയ ധീരമായ നേതൃത്വവും അവർ എടുത്തുപറഞ്ഞു. സുവർണ്ണ ചതുഷ്‌ക്കോണ പദ്ധതിയിലൂടെ ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ച് വികസനത്തിന് പുതിയ പാതയൊരുക്കിയ വാജ്‌പേയി, രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും മാന്യതയും മര്യാദയും കാത്തുസൂക്ഷിച്ച നേതാവായിരുന്നുവെന്നും റിൻസിയ കൂട്ടിച്ചേർത്തു.

Advertisement

​ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നുള്ള ചാമയത്ത് നാലകം വീട്ടിൽ താജുന്നിസാബിയുടെയും മർച്ചന്റ് നേവി ഇലക്ടിക്കൽ ഓഫീസറായ പി.ആരാത്തുപ്പുര ഷെയ്ക്ക് കോയയുടെയും മകളാണ് റിൻസിയ. ത്രിവർണ്ണ പതാക അഭിമാനത്തോടെ പാറുന്ന ലക്ഷദ്വീപിലെ പവിഴദ്വീപുകളിൽ നിന്നാണ് താൻ വരുന്നതെന്ന് ആമുഖമായി പറഞ്ഞ റിൻസിയ, വാജ്‌പേയിയുടെ ശബ്ദം മാഞ്ഞുവെങ്കിലും അദ്ദേഹം പകർന്നുനൽകിയ മൂല്യങ്ങളും ആദർശങ്ങളും ഇന്ത്യയുടെ ഓരോ സ്പന്ദനത്തിലും ഇന്നും ജീവിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ ലക്ഷദ്വീപിന്റെ ശബ്ദമായി മാറാൻ റിൻസിയക്ക് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here