
കവരത്തി: ലക്ഷദ്വീപ് സമുദ്രാതിർത്തി ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയതിന് സുഹലിയിൽ നിന്നും ഒരാഴ്ച മുൻപ് പിടികൂടിയ നാല് ബോട്ടുകൾക്കെതിരെ നിയമനടപടികൾ വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കസ്റ്റഡിയിലെടുത്ത ബോട്ടുകൾ നിലവിൽ കവരത്തി ദ്വീപിൽ എത്തിച്ചിട്ടുണ്ടെങ്കിലും, ഒരാഴ്ച പിന്നിട്ടിട്ടും അധികൃതർ എഫ്.ഐ.ആർ (FIR) പോലും രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും പത്രക്കുറിപ്പ് ഇറക്കുമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
നിയമനടപടികൾ ഒഴിവാക്കി ബോട്ടുകളെ വിട്ടയക്കാനുള്ള നീക്കമാണ് അഡ്മിനിസ്ട്രേഷൻ നടത്തുന്നതെന്ന് ആരോപിച്ച് കവരത്തിയിലെ മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. തങ്ങളുടെ ഉപജീവനമാർഗമായ സമുദ്രസമ്പത്ത് ഇത്തരം ബോട്ടുകൾ കൊള്ളയടിക്കുകയാണെന്നും, പിടിയിലായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ബോട്ടുകളിലെ ഫ്രീസറുകൾക്ക് അടിയിലായി നിരോധിത മത്സ്യങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും, ബോട്ടുകൾ കൃത്യമായി പരിശോധിക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ദ്വീപിൽ ഉയരുന്നത്.
















