
കവരത്തി: ഭയമില്ലാത്ത നിലപാടുകളിലൂടെ പൊതുരംഗത്ത് മാതൃക തീർത്ത നേതാവായിരുന്നു മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി.എം. സഈദ് എന്ന് അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. കവരത്തിയിൽ സംഘടിപ്പിച്ച ഇരുപതാമത് പി.എം. സഈദ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പിതാവ് ഉമ്മൻചാണ്ടി ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയത്തിന്റെ ലക്ഷദ്വീപ് പതിപ്പായിരുന്നു പി.എം. സഈദ് എന്ന് ചാണ്ടി ഉമ്മൻ അനുസ്മരിച്ചു. “ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലും ഭരണസംവിധാനങ്ങളിലും സൗമ്യതയുടെയും സത്യസന്ധതയുടെയും അടയാളമായിരുന്നു അദ്ദേഹം. വിയോഗത്തിന് രണ്ട് പതിറ്റാണ്ടിന് ശേഷവും ജനഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കുന്നത് ആ ജീവിതവിശുദ്ധിക്ക് തെളിവാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പി.എം.സഈദ് സ്മാരക പുരസ്കാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു.
ലക്ഷദ്വീപ് കോൺഗ്രസ് അധ്യക്ഷൻ ഹംദുള്ള സഈദ്,എം.പി അധ്യക്ഷത വഹിച്ചു. യുസി കെ തങ്ങൾ, ആചാട അഹമ്മദ് ഹാജി, എം.അലി അക്ബർ, അബൂബക്കർ കോയ, കമാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
















