കവരത്തി: ലക്ഷദ്വീപുകൾക്കിടയിൽ നാഴൾളെ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടു ഹൈ സ്പീഡ് ക്രാഫ്റ്റുകളുടെ (HSC) യാത്രകൾ സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി. ‘ബ്ലാക്ക് മർലിൻ’, ‘സ്കിപ്ജാക്ക്’ എന്നീ കപ്പലുകളുടെ നാളത്തേക്ക് ആസൂത്രണം ചെയ്ത സർവീസുകളാണ് മുടങ്ങിയത്. അതേസമയം പരിഷ്കരിച്ച ഷെഡ്യൂളുമായി ‘പറളി’ കൗണ്ടർ ടിക്കറ്റ് നൽകി സർവ്വീസ് നടത്തും. കവരത്തി -അഗത്തി-കവരത്തി റൂട്ടിലാണ് പറളി സർവ്വീസ് നടത്തുന്നത്. ഫ്ലൈറ്റ് യാത്രക്കാരെ ഉദ്ദേശിച്ചാണ് ഈ സർവ്വീസ്. എന്നാൽ ഇതേ രീതിയിൽ മറ്റു വെസലുകൾക്കും സർവ്വീസ് നടത്താൻ സാധിക്കുമെങ്കിലും അതിന് തുറമുഖ വകുപ്പ് തയ്യാറായിട്ടില്ല.

പുതിയ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം പ്രവർത്തനക്ഷമമാക്കിയതിന് പിന്നാലെ ഉണ്ടായ സാങ്കേതിക തടസ്സങ്ങളാണ് വെസലുകളുടെ സർവ്വീസ് റദ്ദാക്കാൻ കാരണമായത്. യാത്ര ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടിയിരുന്ന വെബ്സൈറ്റ് ലഭ്യമല്ലാത്തതിനാലാണ് യാത്ര റദ്ദാക്കേണ്ടി വന്നതെന്നും, ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും പോർട്ട്, ഷിപ്പിംഗ്, ഏവിയേഷൻ വകുപ്പ് അറിയിച്ചു. കവരത്തി, അഗത്തി, അമിനി, കിൽത്താൻ, കടമത്ത്, ചേത്ത്ലാത്ത് തുടങ്ങിയ ദ്വീപുകൾക്കിടയിൽ യാത്ര നിശ്ചയിച്ചിരുന്ന നിരവധി യാത്രക്കാർ ഇതോടെ പ്രതിസന്ധിയിലായി.

രണ്ടു പ്രധാന അന്തർദ്വീപിയൻ സർവീസുകൾ ഒറ്റയടിക്ക് റദ്ദാക്കിയത് ദ്വീപ് നിവാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ദ്വീപുകൾ തമ്മിലുള്ള യാത്രകൾക്ക് ഏറ്റവും വേഗതയേറിയതും പ്രധാനപ്പെട്ടതുമായ ഗതാഗതമാർഗ്ഗമാണ് ഹൈ സ്പീഡ് ക്രാഫ്റ്റുകൾ. യാത്രാ ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിലെ അധികൃതരുടെ “ഉത്തരവാദിത്തമില്ലായ്മ”യാണ് ഈ സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. സാങ്കേതിക പിഴവ് പരിഹരിച്ച ശേഷം ടിക്കറ്റ് വിതരണത്തിനുള്ള സമയം പിന്നീട് അറിയിക്കുമെന്നും അതുവരെ യാത്രക്കാർ കാത്തിരിക്കണമെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ടിക്കറ്റിംഗ് വെബ്സൈറ്റിലെ പ്രശ്‌നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിച്ച് യാത്രാസൗകര്യം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here