
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് നൈപുണ്യ വികസന പദ്ധതിയായ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY) മുഖേന രാജ്യത്ത് ഇതുവരെ 24.37 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിച്ചതായി നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (MSDE) ലോകസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു. 2015 മുതൽ നടപ്പിലാക്കി വരുന്ന PMKVY പദ്ധതി, ഹ്രസ്വകാല പരിശീലനത്തിലൂടെയും (STT) പ്രയർ ലേണിംഗ് തിരിച്ചറിയലിലൂടെയും (RPL) യുവാക്കളുടെ നൈപുണ്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. 2022-23 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കി വരുന്ന PMKVY-യുടെ നിലവിലെ പതിപ്പായ 4.0, ഓൺ-ജോബ് ട്രെയിനിംഗിന് (OJT) പ്രാധാന്യം നൽകി വിപണി ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിശീലനം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അപ്പാരൽ (4.20 ലക്ഷം), ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ്വെയർ (4.07 ലക്ഷം), റീട്ടെയിൽ (2.15 ലക്ഷം), ലോജിസ്റ്റിക്സ് (2.04 ലക്ഷം) തുടങ്ങിയ മേഖലകളിലാണ് ദേശീയതലത്തിൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രാജ്യത്ത് ഈ പദ്ധതി മികച്ച പുരോഗതി കൈവരിക്കുമ്പോൾ, കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ നിന്നുള്ള തൊഴിൽ നിയമന കണക്കുകൾ പൂജ്യമാണ് എന്ന് കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം പാർലമെൻ്റിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. പ്രഫുൽ ഘോഡാ പട്ടേൽ തന്നെ ഭരണം നടത്തുന്ന ദാദ്രാ നഗർ ഹവേലി, ദമൻ&ദിയുവിൽ ഈ കാലയളവിൽ ഈ പദ്ധതിക്ക് കീഴിൽ 2817 പേർക്ക് തൊഴിൽ ലഭ്യമായിട്ടുണ്ട്. PMKVY-യുടെ ആദ്യ മൂന്ന് ഘട്ടങ്ങളിലായി (തൊഴിൽ നിയമനം ട്രാക്ക് ചെയ്ത കാലയളവ്) ലക്ഷദ്വീപിൽ ഒരാൾക്ക് പോലും തൊഴിൽ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ദ്വീപ് ഭരണകൂടം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആനുകൂല്യങ്ങൾ പോലും ലക്ഷദ്വീപിലെ സാധാരണക്കാരായ ജനങ്ങൾക്ക് എത്തിക്കുന്നതിൽ വലിയ വീഴ്ച വരുത്തുന്നതിന്റെ തെളിവു കൂടിയായി മാറുകയാണ്. 2020-21, 2021-22, 2024-25 തുടങ്ങിയ സാമ്പത്തിക വർഷങ്ങളിൽ ലക്ഷദ്വീപിൽ നിരവധി പേർക്ക് പരിശീലനം നൽകുകയും സർട്ടിഫിക്കേഷനുകൾ നൽകുകയും ചെയ്തിട്ടുണ്ട് (ഉദാഹരണത്തിന്, 2021-22-ൽ 120 പേർക്ക് പരിശീലനം ലഭിച്ചു). പരിശീലനം ലഭിച്ചവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടും തൊഴിൽ നിയമന കണക്കുകൾ പൂജ്യത്തിൽ തുടരുന്നത് ദ്വീപസമൂഹത്തിലെ നൈപുണ്യ പരിശീലനവും തൊഴിൽ ലഭ്യതയും തമ്മിലുള്ള വലിയ അന്തരവും, ഭരണകൂടത്തിൻ്റെ ജനവിരുദ്ധ സമീപനവും വ്യക്തമാക്കുന്നു.
















