കവരത്തി: ​റാഞ്ചിയിൽ നടന്ന നാലാമത് സൗത്ത് ഏഷ്യൻ സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോങ് ജമ്പ് ഇനത്തിൽ (6.07 മീറ്റർ) വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമുയർത്തിയ ലക്ഷദ്വീപിൽ നിന്നുള്ള കായികതാരം കുമാരി മുബസ്സിന മുഹമ്മദിന് അർഹിക്കുന്ന പരിഗണനയും കായികവകുപ്പിൽ ജോലിയും നൽകി ആദരിക്കണമെന്ന് ലക്ഷദ്വീപ് എം.പി. ഹംദുള്ളാ സഈദ്, അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവായ ഡോ. ദീപക് കുമാർ ഐ.എ.എസിനോട് അഭ്യർത്ഥിച്ചു. മുബസ്സിനയുടെ മികച്ച പ്രകടനം ലക്ഷദ്വീപിൽ നിന്ന് ദേശീയ തലത്തിൽ മെഡൽ നേടുന്ന ആദ്യത്തെ സീനിയർ അത്‌ലറ്റായി അവരെ അടയാളപ്പെടുത്തുന്നുവെന്നും ഇത് ലക്ഷദ്വീപിന് അഭിമാനകരമായ ചരിത്രനേട്ടമാണെന്നും എം.പി. കത്തിൽ ചൂണ്ടിക്കാട്ടി. വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടുകയും ലക്ഷദ്വീപിന്റെ യശസ്സ് വാനോളം ഉയർത്തുകയും ചെയ്ത മുബസ്സിന, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ദൃഢനിശ്ചയത്തോടെ ബെംഗളൂരുവിൽ പരിശീലനം തുടരുകയാണ്. ഈ സാഹചര്യത്തിൽ, മുബസ്സിനയുടെ പരിശീലനത്തിനും മറ്റ് ചെലവുകൾക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ആവശ്യമായ പിന്തുണ നൽകണമെന്നും, ഇത് യുവ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും എം.പി. അഭ്യർത്ഥിച്ചു. മുബസ്സിനയുടെ അസാധാരണമായ നേട്ടങ്ങളും യുവതലമുറയ്ക്ക് പ്രചോദനമായ അവരുടെ മാതൃകാപരമായ പങ്കും പരിഗണിച്ച് അവർക്ക് കാഷ് അവാർഡും കായിക സംഭാവനകൾക്കുള്ള അംഗീകാരമായി സർക്കാർ ജോലി നൽകുന്നതും രാജ്യത്തിനായി കൂടുതൽ മെഡലുകൾ നേടാൻ അവരെ പ്രോത്സാഹിപ്പിക്കുമെന്നും എം.പി. കൂട്ടിച്ചേർത്തു. മുബസ്സിനയെപ്പോലുള്ള കായികതാരങ്ങൾ ലക്ഷദ്വീപിലെ യുവതാരങ്ങൾക്ക് കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ തീർച്ചയായും പ്രചോദനമാകുമെന്നും ഹംദുള്ളാ സഈദ് പ്രത്യാശ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here