
ഗോവ: ഗോവയിൽ നടന്ന ദേശീയ ബധിര ഫുട്‌ബോൾ മത്സരത്തിൽ കേരള ടീം നേടിയ ഉജ്ജ്വല വിജയത്തിൽ ലക്ഷദ്വീപിനും അഭിമാനിക്കാം. വിജയഗാഥയിൽ ദ്വീപിന്റെ അഭിമാനമുയർത്തിയത് ആന്ത്രോത്ത് ദ്വീപിൽ നിന്നുള്ള സയ്യിദ് മുഹമ്മദ് ഫായിസ് എന്ന താരമാണ്. പരിമിതികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന് കേരള ടീം സ്വന്തമാക്കിയ ഈ കിരീടനേട്ടം കായിക ഭൂപടത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട ഒന്നാണ്. ഈ വിജയത്തിൽ പങ്കുചേർന്നതിലൂടെ ലക്ഷദ്വീപിന്റെ കായിക പ്രതിഭയ്ക്ക് ദേശീയ തലത്തിൽ ലഭിച്ച അംഗീകാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആന്ത്രോത്ത് ദ്വീപ് സ്വദേശി എ.ഐ. മുക്താറിന്റെ മകനാണ് സയ്യിദ് മുഹമ്മദ് ഫായിസ്. ഫായിസിനെ ഈ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയ രക്ഷിതാക്കൾ, മികച്ച പിന്തുണയും പരിശീലനവും നൽകിയ കോളത്തറ ഹാൻഡികാപ്ഡ് സ്പെഷ്യൽ സ്കൂളിലെ അധ്യാപകർ, ഫായിസിനെ അവിടെ എത്തിക്കാൻ കാരണക്കാരനായ മുൻ ഹെഡ് മാസ്റ്റർ അബ്ദു റസ്സാക്ക് മാസ്റ്റർ തുടങ്ങി ഒട്ടേറെ പേർക്ക് അഭിമാന നിമിഷമാണ് ഈ കൊച്ചു മിടുക്കൻ സമ്മാനിച്ചത്. പരിമിതികൾക്കപ്പുറം ആ വിദ്യാർത്ഥികളുടെ ഇച്ഛാശക്തിയുടെയും, കൂട്ടായ പരിശ്രമത്തിൻ്റെയും ഫലമാണ് ഈ തിളക്കമാർന്ന വിജയം. ഈ വിജയം ദ്വീപിലെ മറ്റുള്ളവർക്ക് ഒരു വലിയ പ്രചോദനമാകട്ടെ എന്ന് ലക്ഷദ്വീപ് ഡിഫറന്റ്‌ലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പി.പി. ജമാലുദ്ദീൻ ആശംസിച്ചു. സയ്യിദ് മുഹമ്മദ് ഫായിസിന് കൂടുതൽ ഉയരങ്ങളിലെത്താൻ സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
