
കവരത്തി: ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. തലസ്ഥാന ദ്വീപായ കവരത്തിയിൽ നടന്ന ആഘോഷങ്ങൾക്ക് നൂറുകണക്കിനാളുകൾ പങ്കെടുത്തു.
സെക്രട്ടറിയേറ്റിൽ നിന്നാരംഭിച്ച് ഗാന്ധി സ്ക്വയറിൽ സംഗമിച്ച പ്രഭാതഭേരി മാർച്ചിൽ വിദ്യാർത്ഥികൾ, വനിതകൾ, സൈനികർ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ എന്നിവർ പങ്കെടുത്തു. അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ഡോ. എസ്.ബി. ദീപക് കുമാർ (ഐ.എ.എസ്.), അഡ്മിനിസ്ട്രേഷൻ സെക്രട്ടറിമാരായ ഗൗരവ് സിംഗ് രാജാവത് (ഐ.എ.എസ്.), അവനീഷ് കുമാർ (ഐ.എ.എസ്.) ഉൾപ്പെടെ നിരവധി പേർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന്, ലക്ഷദ്വീപ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ് ഇന്ത്യയുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അണിനിരന്ന റാലി അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ഡോ. എസ്.ബി. ദീപക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
മറ്റിതര ദ്വീപുകളിലും ഡെപ്യൂട്ടി കലക്ടർമാരുടെ ഓഫീസുകളുടെയും വിവിധ സംഘടനകളുടെയും കൂട്ടായ്മയിൽ ഗാന്ധിജയന്തി അനുസ്മരണ പരിപാടികൾ നടന്നു.
