കവരത്തി: തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ലക്ഷദ്വീപിൽ നിലവിൽ പമ്പുകളുള്ള നാല് ദ്വീപുകളിലും പെട്രോൾ, ഡീസൽ വില കുറച്ചു. നിലവിൽ അധിക വില ഈടാക്കാത്ത കവരത്തി, മിനിക്കോയ് ദ്വീപുകളിലെ പമ്പുകളിൽ ₹5.2 രൂപയും, അധിക ഹാൻഡ്ലിങ്ങ് ചാർജ് ഈടാക്കിയിരുന്ന ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിൽ ₹15.3 രൂപയുമാണ് കുറച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൊണ്ട് ദേശീയ തലത്തിൽ തന്നെ പ്രചാരണ ആയുധമാക്കാനാണ് കേന്ദ്ര സർക്കാർ ഈ ഇളവ് പ്രഖ്യാപിച്ചത് എന്ന് ഇപ്പോൾത്തന്നെ ആരോപണം ഉയർന്നു കഴിഞ്ഞു.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ രാജ്യത്തെ ഏറ്റവും കൂടിയ നിരക്കിലായിരുന്നു പെട്രോൾ, ഡീസൽ വിതരണം ചെയ്തിരുന്നത്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകളിൽ പെട്രോൾ, ഡീസൽ വിലയിൽ നേരത്തെ തന്നെ വലിയ ഇളവ് നൽകേണ്ടിയിരുന്നതാണ്. ഏറ്റവും കുറവ് ജനസംഖ്യയുള്ള ഏറ്റവും പിന്നോക്കം നിൽക്കുന്ന എസ്.ടി വിഭാഗക്കാരായ ജനങ്ങൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകുന്നതിലൂടെ സർക്കാരിന് ഉണ്ടായേക്കാവുന്ന ബാധ്യത തുലോം തുച്ഛമാണ്. എന്നാൽ ഇതുവരെയും അത്തരം ഇളവുകൾ അനുവദിക്കാതെ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ നൽകിയ ഇളവ് എന്തിനാണെന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രാലയം സാമൂഹിക മാധ്യമ പ്രചാരണവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് അധിക വില ഈടാക്കി പൊതു ജനങ്ങളെ പിഴിയുന്നത് തുടരും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്ന് ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു.