
കൊച്ചി: ലക്ഷദ്വീപിലെ നീതിന്യായപരമായ ഭരണനിർവഹണം മെച്ചപ്പെടുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. ലക്ഷദ്വീപിലെ ജുഡീഷ്യൽ അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഈ കമ്മിറ്റിയുടെ ലക്ഷ്യം. ‘ലക്ഷദ്വീപ് ജുഡീഷ്യൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി’ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എ. എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ്, ജില്ലാ കളക്ടർ, അഡ്മിനിസ്ട്രേറ്ററുടെ പ്രതിനിധി, പോലീസ് സൂപ്രണ്ട്, സൂപ്രണ്ട് എൻജിനീയർ, രജിസ്ട്രാർ കമ്പ്യൂട്ടറൈസേഷൻ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) പ്രതിനിധി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.
ദ്വീപു സമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കുറവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിർദ്ദേശം.
2025 ജനുവരിയിൽ ഹൈക്കോടതിയുടെ ഭരണവിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ, ലക്ഷദ്വീപിൽ 10 ദ്വീപുകളിൽ ജനവാസമുണ്ടെങ്കിലും കോടതി സേവനങ്ങൾ മൂന്ന് ദ്വീപുകളിൽ മാത്രമേ ലഭ്യമാവുന്നുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് മറ്റ് ദ്വീപുകളിലെ താമസക്കാർക്ക് നിയമപരമായ സഹായം തേടുന്നതിന് തടസ്സമുണ്ടാക്കുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നീതിനിർവഹണം കാര്യക്ഷമമാക്കാനും ഭരണപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഈ സമിതി സഹായിക്കുമെന്ന് കോടതി അറിയിച്ചു.
