
കവരത്തി: ലക്ഷദ്വീപിലെ ആരോഗ്യമേഖലയ്ക്ക് അഭിമാനകരമായ നേട്ടമായി, കവരത്തിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ 30 വയസ്സുള്ള ഒരു യുവതിയുടെ വയറ്റിൽ നിന്ന് 2.8 കിലോഗ്രാം ഭാരമുള്ള മുഴ വിജയകരമായി നീക്കം ചെയ്തു. വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിയുടെ പരിശോധനയിൽ അണ്ഡാശയത്തിൽ വലിയ മുഴ കണ്ടെത്തുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഈ മുഴ നീക്കം ചെയ്യാൻ തീരുമാനിച്ചു.
ഗൈനക്കോളജി, ജനറൽ സർജറി, അനസ്തേഷ്യോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഡോ. പ്രസന്ന (OBG), ഡോ. മുബീന (ജനറൽ സർജറി), ഡോ. ഷെഹ്ന (OBG), ഡോ. സാദ് ആലം (അനസ്തേഷ്യോളജി) എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. നഴ്‌സ് നസീർ, ഓപ്പറേഷൻ തിയേറ്റർ സ്റ്റാഫുമാരായ തസ്ലീന, ഹക്കീം എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ലക്ഷദ്വീപിൽ തന്നെ ഇത്തരമൊരു സങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്, ദ്വീപിലെ ആരോഗ്യ സേവനങ്ങൾ മികച്ച നിലവാരത്തിലേക്ക് ഉയരുന്നതിന്റെ സൂചനയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രാദേശികമായി മികച്ചതും താങ്ങാനാവുന്നതുമായ ചികിത്സ ഉറപ്പാക്കാനുള്ള ആശുപത്രിയുടെ പ്രതിബദ്ധത ഈ നേട്ടം അടിവരയിടുന്നു.
