
കൊച്ചി: ഉന്നത വിദ്യാഭ്യാസം തുലാസിലായ ലക്ഷദ്വീപിലെ സി.ബി.എസ്.ഇ പത്താംക്ലാസ് വിദ്യാർഥികളുടെ വിഷയം ഏറ്റെടുത്ത് ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ. സി.ബി.എസ്.ഇ പത്താംക്ലാസ് സേ പരീക്ഷ എഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ 45 ഓളം വിദ്യാർഥികൾക്ക് പ്ലസ് വൺ അപേക്ഷ സമർപ്പിക്കാൻ കാലതാമസം വന്നതോടെ ഈ വർഷം പ്രവേശനം ലഭ്യമായിരുന്നില്ല. വിദ്യാർത്ഥികളുടെ അപേക്ഷകൾ എൽ.എസ്.എ തന്നെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിൻ്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായില്ല.
വിദ്യാഭ്യാസ വകുപ്പ് പല രൂപത്തിലും ശ്രമങ്ങൾ നടത്തിയെങ്കിലും ഈ വർഷം അഡ്മിഷൻ എടുക്കാൻ സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത് എന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് എൽ.എസ്.എ നേതാക്കളെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം എൽ.എസ്.എ കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ മിസ്ബാഹുദ്ദീന്റെ നേതൃത്വത്തിൽ എൽ.എസ്.എ നേതാക്കൾ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ നേരിൽക്കണ്ട് വിഷയത്തിൻ്റെ ഗൗരവം അദ്ദേഹത്തെ ബോധിപ്പിച്ചത്. പ്രശ്നത്തിൽ ഉടൻ തന്നെ പരിഹാരം കാണാം എന്ന് മന്ത്രി ഉറപ്പു നൽകിയതായി നേതാക്കൾ അറിയിച്ചു.
