
ന്യൂഡൽഹി: ആത്മഹത്യ ചെയ്ത മുൻ ദമൻ എം.പി. മോഹൻഭായി ഡെൽക്കറുമായി ബന്ധപ്പെട്ട കേസിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേലിനെതിരെയും ദാദ്ര നഗർ ഹവേലിയിലെ ഉദ്യോഗസ്ഥർക്കെതിരെയുമുള്ള എഫ്.ഐ.ആർ റദ്ദാക്കിയ ബോംബെ ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. 2021-ൽ മോഹൻഭായി ഡെൽക്കറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ബോംബെ ഹൈക്കോടതിയുടെ തീരുമാനം ശരിവെച്ചത്. 2022 സെപ്റ്റംബർ 8-നാണ് ഹൈക്കോടതി എഫ്.ഐ.ആർ റദ്ദാക്കിയത്.
മോഹൻഭായി ഡെൽക്കർ നടത്തിയിരുന്ന കോളേജിന്റെ നിയന്ത്രണം ഏറ്റെടുക്കാനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയാനും ശ്രമിച്ചുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹൈക്കോടതി കണ്ടെത്തി.
ആത്മഹത്യാ പ്രേരണ എന്ന കുറ്റകൃത്യത്തിന് മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ കേസ് സുപ്രീം കോടതിയുടെ ‘ഭജൻ ലാൽ’ കേസിലെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമാണെന്നും ഇത്തരം ‘സ്വീകാര്യമല്ലാത്ത’ തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ തുടരുന്നത് നിയമത്തിന്റെ ദുരുപയോഗമാകുമെന്നും കോടതി വ്യക്തമാക്കി.
